‘തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ കഴിയും’; ജീവക്കെതിരെ ഗായിക ചിൻമയി

ലൈംഗിക ചൂഷണത്തിന്റെ പേരിൽ തമിഴ് സിനിമയിലെ പ്രമുഖർക്കെതിരേ പട നയിക്കുന്നയാളാണ് ചിൻമയി

‘തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ കഴിയും’; ജീവക്കെതിരെ ഗായിക ചിൻമയി
‘തമിഴിൽ ലൈംഗിക ചൂഷണമില്ലെന്ന് എങ്ങനെ പറയാൻ കഴിയും’; ജീവക്കെതിരെ ഗായിക ചിൻമയി

ചെന്നൈ: തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നുമുള്ള ജീവയുടെ ആരോപണത്തിൽ പ്രതികരിച്ച് ഗായിക ചിൻമയി. തമിഴിൽ ലൈംഗിക ചൂഷണമില്ലെന്നു പറയാൻ എങ്ങനെ കഴിയുന്നെന്നാണ് ചിൻമയിയുടെ ചോദ്യം. തേനിയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്‌, ആദ്യം നടൻ ക്ഷോഭിച്ചു.

നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകിയത്. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.

Also Read: ‘ജയിലർ 2’ അപ്ഡേറ്റ് ഉടനെത്തുമെന്ന് നെൽസൺ

തമിഴ് സിനിമയിൽ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാൻ അവർക്ക് എങ്ങനെ കഴിയുന്നെന്ന് ചിൻമയി ചോദിച്ചു. ലൈംഗിക ചൂഷണത്തിന്റെ പേരിൽ തമിഴ് സിനിമയിലെ പ്രമുഖർക്കെതിരേ പട നയിക്കുന്നയാളാണ് ചിൻമയി.

അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വെച്ചതായും നടിമാരുടെ ന​ഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് താൻ കണ്ടെന്നുമാണ് രാധിക പറഞ്ഞത്.

Top