ചെന്നൈ: ഗായിക ഉമ രമണന്‍ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദമായ ഉമ ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണന്‍ ലളിതഗാന ശാഖയില്‍ ശ്രദ്ധേയനാണ്. എ വി രമണനൊപ്പം കുറച്ച് സിനിമകളില്‍ പാടിയെങ്കിലും ‘നിഴലുകള്‍’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ ”പൂങ്കത്താവേ താല്‍തിരവൈ…” എന്ന ഗാനമാണ് ഗായികയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.
സ്റ്റുഡിയോ റെക്കോര്‍ഡിംഗുകള്‍ക്കപ്പുറം, തത്സമയ സംഗീത പരിപാടികളില്‍ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ ഗായികയ്ക്ക് സാധിച്ചിട്ടുണ്ട്, 35 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ ഉമ രമണന്‍ 6,000-ലധികം ലൈവ് കണ്‍സര്‍ട്ടുകളാണ് ചെയ്തിട്ടുള്ളത് എന്നത് ഗായകയോടുള്ള സംഗീതാസ്വാദകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്.
‘പന്നീര്‍ പുഷ്പങ്ങള്‍’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തില്‍ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള ”അനന്തരാഗം കേള്‍ക്കും കാലം..”, ദര്‍ബാരി കാനഡ രാഗത്തിലെ ”ആഹായ വെണ്ണിലാവേ…”, ‘ഒരു നാടന്‍ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേന്‍…” തുടങ്ങിയവയെല്ലാം ഉമ രമണന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.