സിങ്കൂർ…സി.പി.എം… ടാറ്റ… പിന്നെ മമതയും…അതൊരു വല്ലാത്ത കഥയാണ്, ബംഗാളിനെ മാറ്റിമറിച്ച ചരിത്രം

സിങ്കൂരിലെ ഭൂമിയേറ്റെടുക്കലിനെതിരെ 26 ദിവസമാണ് മമത ബാനര്‍ജി നിരാഹാരം കിടന്നത്

സിങ്കൂർ…സി.പി.എം… ടാറ്റ… പിന്നെ മമതയും…അതൊരു വല്ലാത്ത കഥയാണ്, ബംഗാളിനെ മാറ്റിമറിച്ച ചരിത്രം
സിങ്കൂർ…സി.പി.എം… ടാറ്റ… പിന്നെ മമതയും…അതൊരു വല്ലാത്ത കഥയാണ്, ബംഗാളിനെ മാറ്റിമറിച്ച ചരിത്രം

ത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയായ ബിസിനസ്സുകാരന്‍ ഓര്‍മ്മയായി മാറുന്ന ഈ ഘട്ടത്തില്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്ന ഒരു ചിത്രമുണ്ട്. അത്… പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിങ്കൂരിലെ പ്രക്ഷോഭമാണ്. പശ്ചിമ ബംഗാളിന്റെ രാഷ്ടീയത്തെ മാറ്റി മറിച്ച പ്രക്ഷോഭത്തിന്റെ തുടക്കവും ഇവിടെ നിന്നാണ്.

ഒരു കുടുംബം ഒന്നാകെ ഒരു സ്‌കൂട്ടറില്‍ ഞെരുങ്ങി യാത്ര ചെയ്യുന്ന കാഴ്ച കണ്ട രത്തന്‍ ടാറ്റ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനായി തുടങ്ങിയ നാനോ കാര്‍ ഫാക്ടറിക്ക് എതിരായ സമരമാണ് ബംഗാളിലെ ചുവപ്പ് രാഷ്ട്രീയത്തിന് വില്ലനായി പിന്നീട് മാറിയിരുന്നത്. ഫാക്ടറി തുടങ്ങാനായി ടാറ്റാ ഗ്രൂപ്പിനായി സ്ഥലം ഏറ്റെടുക്കാനുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ 2008 ല്‍ വലിയ കലാപമാണ് പശ്ചിമ ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നത്. ഒടുവില്‍ ആ പദ്ധതിയില്‍ നിന്നും ടാറ്റാ ഗ്രൂപ്പ് പിന്‍വാങ്ങുകയാണ് ഉണ്ടായത്. രത്തന്‍ ടാറ്റയെ ഏറെ വിഷമിപ്പിച്ച പിന്‍മാറ്റം കൂടിയായിരുന്നു ഇത്.

ratan tata

നന്ദി ഗ്രാമില്‍ എന്ന പോലെ സിങ്കൂരിലും ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ആയിരുന്നു പ്രക്ഷോഭം ഉയര്‍ന്നിരുന്നത്. ഇതിന്റെ രാഷ്ട്രീയനേട്ടം കൊണ്ടുപോയതാകട്ടെ സാക്ഷാല്‍ മമത ബാനര്‍ജിയും ആയിരുന്നു. സിങ്കൂരിലെ ഭൂമിയേറ്റെടുക്കലിനെതിരെ 26 ദിവസമാണ് മമത ബാനര്‍ജി നിരാഹാരം കിടന്നത്. തൃണമുല്‍ ആഹ്വാനം ചെയ്ത ബന്ദ് ബംഗാളില്‍ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. അതൊരു തുടക്കമായിരുന്നു. ഇടത് സര്‍ക്കാര്‍ കര്‍ഷക വിരുദ്ധവും ജനവിരുദ്ധവുമായി എന്ന പ്രചാരണം ശക്തിപ്പെടുന്നതിനും ഇടതുപക്ഷത്തിന്റെ ബംഗാളിലെ അടിത്തറ തകര്‍ക്കുന്നതിനും പ്രധാന പങ്കുവഹിച്ച സമരങ്ങളായാണ് സിങ്കൂരും നന്ദിഗ്രാമും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗം കൊടുങ്കാറ്റായി മാറിയപ്പോള്‍ 2011 ലെ ജനവിധി സിപിഎമ്മിനെ ബംഗാളില്‍ നിന്നും പുറത്താക്കുന്നതായിരുന്നു. ഈ സമരങ്ങളുടെ മുന്നണി പോരാളിയായി മാറിയ മമത ബാനര്‍ജി മുഖ്യമന്ത്രിയുമായി.

mamata banerjee

അന്ന് മുതല്‍ ഇന്നുവരെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തന്നെയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. അവസരത്തിനൊത്ത് നിലപാട് മാറ്റാനും സംഘര്‍ഷങ്ങളില്‍ വിളവെടുപ്പ് നടത്തി പ്രീണനനയം നടപ്പാക്കാനും പ്രത്യേക മിടുക്കുള്ള മമത ബാനര്‍ജി ‘നികത്താനാവാത്ത നഷ്ടമെന്നാണ്’ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ടാറ്റയെന്നും ചൂണ്ടിക്കാട്ടിയ മമത ഇന്ത്യന്‍ വ്യവസായത്തിന്റെ മുന്‍നിരക്കാരനായിരുന്നു അദ്ദേഹമെന്നും എക്‌സില്‍ കുറിച്ചിട്ടുണ്ട്. മറ്റുള്ള നേതാക്കളുടെ അനുശോചനങ്ങളില്‍ നിന്നും മമത ബാനര്‍ജിയുടെ പ്രതികരണം വ്യത്യസ്തമാകുന്നത് അവര്‍ ടാറ്റാ ഗ്രൂപ്പിനെതിരെ നയിച്ച തീഷ്ണ സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ്.

മൂന്നുപതിറ്റാണ്ട് കാലം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ചിട്ടും ഇടതുപക്ഷത്തിന് ബംഗാളിനെ ഒരു വികസിത സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്താനായില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ദരിദ്രരായ കര്‍ഷകരുടെയും ഭൂരഹിതരുടെയും സംസ്ഥാനമായിരുന്നു ബംഗാള്‍. അവരെ സാമൂഹിക ജീവിതത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സി.പി.എമ്മും മറ്റു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും നടത്തിയ ശ്രമങ്ങളും അതിനായി സര്‍ക്കാര്‍ നല്‍കിയ സംഭാവനകളുമെല്ലാം വളരെ വലുതാണ്. അതുപോലെ തന്നെ ഇടതുപക്ഷ ഭരണകാലത്ത് ഒരൊറ്റ വര്‍ഗ്ഗീയ കലാപം പോലും ബംഗാളിന്റെ മണ്ണില്‍ നടന്നിട്ടില്ലെന്നതും നാം ഓര്‍ക്കണം. ഇതെല്ലാം മറന്ന് തന്നെയാണ് ബംഗാള്‍ ഇടതുപക്ഷത്തിന് എതിരെ വിധി എഴുതിയിരിക്കുന്നത്.

വ്യവസായവല്‍ക്കരണത്തെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ മുതലാളിത്തമായി വ്യാഖ്യാനിച്ചും മൂലധനവും തൊഴിലാളി വര്‍ഗവുമായുള്ള പോരാട്ടമായി ചിത്രീകരിച്ചും തെറ്റായ ഒരു പരിപ്രേക്ഷ്യം നിര്‍മ്മിക്കുന്നതില്‍ ഇടതുപക്ഷ നേതൃത്വത്തിനുള്ള പങ്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചടിക്ക് പ്രധാന കാരണമാണ്. ജനങ്ങളുടെ പിന്നോക്കാവസ്ഥ ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെ എപ്പോഴും ഉറപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. ഇതാണ് മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സുഗമമാക്കിയിരുന്നത്.

എന്നാല്‍, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വ്യവസായവല്‍ക്കരണം അനിവാര്യമാണെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അതിനായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ സംഭവിച്ച തിരിച്ചടിയാണ് ബംഗാളിന്റെ പ്രായോഗിക രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരുന്നത്.

Buddhadev Bhattacharya

ഭൂമി നഷ്ടമാകുന്നവരുടെ വികാരത്തെ പരിഗണിക്കുന്നതില്‍ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും വീഴ്ചപറ്റി. എല്ലാം പെട്ടെന്ന് നടക്കണമെന്ന… ബുദ്ധദേവിന്റെ കടുംപിടുത്തവും ഒടുവില്‍ വിനയായി മാറുകയാണ് ഉണ്ടായത്.

ബംഗാള്‍ ജനത വ്യവസായവല്‍ക്കരണത്തെ ഉള്‍ക്കൊള്ളാന്‍ പക്വത പ്രാപിച്ചിരുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് ബുദ്ധദേവും പാര്‍ട്ടിയും അറിയാതെ പോയത്. ഒറ്റ രാത്രികൊണ്ട് നടപ്പാക്കേണ്ട ഒന്നായിരുന്നില്ല വ്യവസായവല്‍ക്കരണം എന്നതും ഓര്‍ക്കണമായിരുന്നു. ഇക്കാര്യത്തില്‍ സൈദ്ധാന്തികമായ ഒരു നിലമൊരുക്കല്‍ ഉണ്ടാവാതിരുന്നത് വലിയ പാളിച്ച തന്നെയാണ്.

സമൂഹത്തില്‍ ഇടതുപക്ഷം ഊട്ടിയുറപ്പിച്ച് മുന്‍നിര്‍ത്തിയിരിക്കുന്ന പ്രത്യയശാസ്ത്രം എന്നത് ലാഭ കേന്ദ്രിതമായ മുതലാളിത്തത്തിന് എതിരാണ്. ദാരിദ്രത്തിലും പിന്നോക്കാവസ്ഥയിലും കഴിയുമ്പോഴും ബംഗാളി ജനത മുതലാളിത്തത്തെ ചെറുക്കുന്നവര്‍ എന്ന് വല്ലാതെ അഭിമാനം കൊണ്ടിരുന്നു. ഇളക്കം തട്ടാതെ കിടന്ന ആ മണ്ണിലേക്കാണ് ബുദ്ധദേവ്, അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികളുടെ വിത്തിറക്കിയിരുന്നത്. എന്നാല്‍ പിന്നീട്… അതിന്റെ വിളവെടുത്തത് മമതാ ബാനര്‍ജിയായിരുന്നു എന്നതാണ് വിരോധാഭാസം.

2006 ല്‍ ഏറ്റവും പ്രതിച്ഛായയുള്ള നേതാവായിരുന്ന ബുദ്ധദേവ് 2011 ല്‍ ബംഗാള്‍ ജനതയ്ക്ക് വില്ലനായി മാറിയത് ദീര്‍ഘവീക്ഷണമില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്. സാധാരണക്കാരുടെയും പാവങ്ങളുടെയും മനസ്സറിയേണ്ട കമ്യൂണിസ്റ്റ് നേതാവിന് അത് സാധിക്കാതിരുന്നതിന്റെ ഫലമാണ് പശ്ചിമ ബംഗാളിലെ മമതയുടെ ഉദയമെന്നതും ഇപ്പോള്‍ ഇടതുപക്ഷം പോലും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

Jyoti Basu

ജ്യോതിബസു സ്വയം വിരമിക്കാന്‍ തീരുമാനിച്ചതോടെ 2000 നവംബര്‍ 6 നാണ് ബുദ്ധദേവ് ഭട്ടാചാര്യ ബംഗാളിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്. തന്റെ പിന്‍ഗാമിയായി ബുദ്ധദേവിനെ നിശ്ചയിച്ചത് ജ്യോതി ബസു തന്നെയായിരുന്നു. ജ്യോതി ബസുവിന്റെ മന്ത്രിസഭയില്‍ സാംസ്‌കാരികം ചെറിയൊരു കാലയളവിലേക്കാണെങ്കിലും ആഭ്യന്തരം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയായിരുന്നു ബുദ്ധദേവ്. മന്ത്രിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും എല്ലാം പാം അവന്യുവിലെ രണ്ടുമുറി ഫ്‌ലാറ്റില്‍ തന്നെയായിരുന്നു ബുദ്ധദേവിന്റെ താമസം എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. പൊതുജീവിതത്തിലെ സുതാര്യതയും കളങ്കരഹിതമായ പ്രതിച്ഛായയുമാണ് ബുദ്ധദേവിനെ ജനങ്ങളോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നത്. എന്നാല്‍ അതെല്ലാം തന്നെ ഒടുവില്‍… നന്ദിഗ്രാമിലും സിങ്കൂരിലും തട്ടി തകര്‍ന്നപ്പോള്‍ നിലംപൊത്തിയത് ഇടതുപക്ഷ രാഷ്ട്രീയം കൂടിയാണ്….

വീഡിയോ കാണാം

EXPRESS VIEW

എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം

Top