CMDRF

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗ് നിരോധനം പ്രാബല്യത്തില്‍

ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗ് നിരോധനം പ്രാബല്യത്തില്‍
ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗ് നിരോധനം പ്രാബല്യത്തില്‍

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്കുള്ള നിരോധനം ദുബൈയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 57 മൈക്രോണിന് താഴെയുള്ള ഉല്‍പന്നങ്ങള്‍ക്കാണ് നിരോധനം. ഇത്തരം ബാഗുകളുടെ ഇറക്കുമതിയും വിപണനവുമാണ് വിലക്കിയത്. യു.എ.ഇയുടെ ദേശീയ സുസ്ഥിരത സംരംഭത്തിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകള്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നത്. ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ ഉല്‍പന്നങ്ങള്‍ക്കും റീസൈക്കിള്‍ ചെയ്തവയ്ക്കും നിരോധനം ബാധകമാണ്. ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികള്‍, പഴം, പച്ചക്കറി എന്നിവ പൊതിയാന്‍ ഉപയോഗിക്കുന്നവ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിങ് സാമഗ്രികള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും. അതേസമയം മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യം, ബ്രഡ് എന്നിവയുടെ കയറ്റുമതിക്കും പുനര്‍കയറ്റുമതിക്കുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്കില്ല. നിയമം ലംഘിച്ചാല്‍ 200 ദിര്‍ഹമാണ് പിഴ. ഒരുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. ഇത്തരത്തില്‍ 2000 ദിര്‍ഹം വരെ പിഴ ഈടാക്കും.അടുത്ത വര്‍ഷം ജനുവരി ഒന്നോടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കപ്പുകള്‍, സ്‌ട്രോ, ടേബിള്‍ തുടങ്ങിയവ പൂര്‍ണമായി നിരോധിക്കാനാണ് പദ്ധതി.

2026 ജനുവരി ഒന്ന് മുതല്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഫുഡ് കണ്ടെയ്‌നറുകള്‍, ടേബിള്‍വെയര്‍, പാനീയ കപ്പുകള്‍, അവയുടെ പ്ലാസ്റ്റിക് മുടികളും കൂടി നിരോധിക്കും. ദുബൈയില്‍ മേയ് 31 വരെ ആവശ്യക്കാര്‍ക്ക് ബാഗ് ഒന്നിന് 25 ഫില്‍സ് ഈടാക്കി ബാഗുകള്‍ വില്‍പന നടത്തിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ഇതും വില്‍ക്കാനാവില്ല. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പേപ്പര്‍ ബാഗുകളും നിരോധനത്തില്‍ ഉള്‍പ്പെടും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന തുണി ഉപയോഗിച്ച് നിര്‍മിച്ചവയോ ചണച്ചാക്കുകള്‍കൊണ്ട് നിര്‍മിച്ച ബാഗുകളോ ഉപയോഗിക്കാം.. 57 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കും നിരോധനമില്ല. ഷോപ്പുകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ബാഗുകള്‍ ഉറപ്പുവരുത്തേണ്ടത് വ്യാപാരികളുടെ ഉത്തരവാദിത്തമല്ല. സാധനം വാങ്ങാനെത്തുന്നവര്‍ തന്നെ ഇതിന് ബദല്‍ മാര്‍ഗം തേടണം. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും നിരോധനമില്ലാത്തതിനാല്‍ വിപണിയില്‍ പുതിയ നിയമം മൂലം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാവില്ലെന്നാണ് കരുതുന്നത്. അതേസമയം പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്ക് 25 ഫില്‍സ് മുതല്‍ ഏഴ് ദിര്‍ഹം വരെയാണ് വില.

Top