റോം: യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ സിസ്റ്റർ സെരഫീന അന്തരിച്ചു. റോമിൽ വിശ്രമജീവിതം നയിച്ചിരുന്ന സിസ്റ്റർ സെരഫീനയ്ക്ക് 111 വയസ്സുണ്ടായിരുന്നു.ഇറ്റലിയിലെ അബ്രൂസോ റീജനിലുള്ള ലാൻചിയാനോയിൽ 1913 ഏപ്രിൽ 17ന് ജനിച്ച അവരുടെ ജനന നാമം അന്നല മോർജ എന്നായിരുന്നു.
88 വർഷങ്ങൾക്കു മുൻപ് 19-ാം വയസ്സിൽ ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ എന്ന സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസവ്രതം സ്വീകരിച്ചപ്പോൾ സിസ്റ്റർ സെരഫീന എന്ന പേര് സ്വീകരിച്ചു. അബ്രൂസോയിൽ, കുട്ടികളുടെ മതബോധന പരിശീലനത്തിന് നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സെരഫീനയെ 1952 ൽ റോമിലെ ജനറലേറ്റ് ഹൗസിൽ സേവനത്തിനായി അധികൃതർ നിയോഗിച്ചു.
രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച സിസ്റ്റർ സെരഫീനയ്ക്ക് ജീവിതകാലയളവിൽ പത്തിലധികം മാർപ്പാപ്പാമാരെ (കത്തോലിക്കാ സഭയുടെ ആത്മീയ നേതാക്കൾ) കാണുവാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. ഇവരുടെ ഇരട്ടസഹോദരിയായിരുന്ന മൊഡെസ്റ്റയും സന്യാസജീവിതമാണ് നയിച്ചിരുന്നത്. സിസ്റ്റർ മോഡസ്റ്റ 2011 ൽ 98-ാം വയസ്സിലാണ് മരിച്ചത്.