‘രാമായണം’ അടിസ്ഥാനമാക്കി നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. രണ്‍ബീര്‍ കപൂര്‍ രാമനാകുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് നടി സായി പല്ലവിയാണ്. അടുത്തിടെ ചിത്രത്തിലെ രണ്‍ബീറിന്റെയും സായി പല്ലവിയുടെയും ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണവും ശക്തമാണ്. സായി പല്ലവി മുസ്ലിം ആണെന്ന വ്യാജ പ്രചരണമാണ് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.
നടി ഹിജാബ് ധരിച്ച പോകുന്ന ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2021ല്‍ താരത്തിന്റെ ഒരു ചിത്രം കാണുന്നതിനായി വേഷം മാറി സായി പല്ലവി തിയറ്ററില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് അവ. ഈ വീഡിയോയാണ് താരം മുസ്ലിമാണെന്ന അവകാശവാദത്തോടെ നിലവില്‍ പ്രചരിക്കുന്നത്.
സായി പല്ലവി സെന്താമര കണ്ണന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. നടി ഇസ്ലാം മതവിശ്വാസം സ്വീകരിച്ചതായി നടിയോ കുടുംബാംഗളോ ഇത് വരെ പറഞ്ഞിട്ടില്ല. എന്നിട്ടും വ്യാജപ്രചരണം വലിയ തോതില്‍ നടക്കുകയാണ്. രാമായണം ചിത്രത്തിലെ മറ്റു താരങ്ങള്‍ക്കെതിരെയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.