ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കേരളത്തില്‍ പോവുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, സിപിഐഎം മികച്ച പ്രകടനമാണോ നടത്തിയത് എന്ന് ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. സംസ്ഥാന നേതൃത്വവുമായി വിലയിരുത്തല്‍ നടത്തിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ മുഖമുദ്ര. ഈ വിഷയത്തില്‍ ഇന്‍ഡ്യ സഖ്യത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതും പരിശോധിക്കും. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും.
ലോക്സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമോ എന്നതടക്കം ഇന്‍ഡ്യ സഖ്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയം ചര്‍ച്ച ചെയ്ത് വിലയിരുത്തുമെന്ന് അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും യെച്ചൂരി പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. 19 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.