തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഫാസിസ്റ്റ് നിയമവാഴ്ച്ചക്കെതിരെയുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങള്‍ കേന്ദ്രം തകര്‍ത്തു. മതനിരപേക്ഷത തകര്‍ക്കുന്ന നിയമങ്ങള്‍ കൊണ്ടു വന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി മാറ്റി. മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീരിനെ ബിജെപി ഇല്ലാതാക്കി. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് നിയമവാഴ്ച്ചയെ മാറ്റിമറിച്ചെന്നും യെച്ചൂരി ആരോപിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന ശത്രു സിപിഐഎമ്മുകാരാണ്. പക്ഷേ ബിജെപിക്കെതിരെ നിരന്തരം പോരാടിയ പാര്‍ട്ടിയാണ് സിപിഐഎം. മോദി മുഖ്യമന്ത്രിയായ സമയത്താണ് ബില്‍ക്കിസ് ബാനു ക്രൂരമായി പീഡനത്തിനിരയായത്. ബില്‍ക്കിസ് ബാനുവിന് വേണ്ടി പോരാടിയത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് അന്ന് ഒന്നും ചെയ്തില്ല എന്നും സീതാറാം യെച്ചൂരി ആരോപിച്ചു.
എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ജയിലില്‍ പോയ ആളാണ് പിണറായി. ജയിലില്‍ പോകാന്‍ ഞങ്ങള്‍ക്ക് പേടിയില്ല. ജയിലില്‍ പോകാന്‍ പേടിയുള്ള കോണ്‍ഗ്രസ്സുകാരാണ് ബിജെപിയില്‍ ചേരുന്നത്. മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തി. ബിജെപിക്ക് എതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പ്രത്യേക അവകാശം റദ്ദ് ചെയ്തപ്പോള്‍ ജമ്മു കശ്മീരില്‍ പോകാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിച്ചില്ല. അന്ന് അതിനെതിരെ സുപ്രീം കോടതിയില്‍ പോയ ആളാണ് ഞാന്‍. കോടതിയുടെ അനുമതിയോടെ കശ്മീരില്‍ പോയപ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനായി. അവിടുത്തെ മുസ്ലീങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ നിന്ന് ബിജെപിയുടെ ഒരു എംപി പോലും പാര്‍ലമെന്റിലേക്ക് പോകില്ല. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ബിജെപി പിന്തുണ നല്‍കുകയാണ്. മോദി സര്‍ക്കാര്‍ ദേശീയ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം കൂടികൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. വര്‍ഗീയതയുടെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുകയാണ്. ഇലക്ട്രല്‍ ബോണ്ടിനെ എതിര്‍ത്തത് ഇടതുപക്ഷമാണെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ നടപ്പില്ലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ് പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരിലൂടെ ബി ജെ പി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.