തിരുവനന്തപുരം: കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങൾ പലതും പുറത്തുപറയാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ കാര്യസമിതിയിൽ സതീശൻ രേഖപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയിൽ പരസ്യമായ വിമര്ശനവുമായാണ് വി.ഡി.സതീശൻ രംഗത്തെത്തിയത്.
മണ്ഡലം പുനഃസംഘടനയിൽ പൂർണമായും അവഗണിച്ചതിലുള്ള പ്രതിഷേധം എ ഗ്രൂപ്പും പ്രകടപ്പിച്ചു. എന്നാൽ, വിമർശനങ്ങൾക്കൊന്നും കെ.സുധാകരൻ യോഗത്തിൽ മറുപടി നൽകിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. താഴേത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലുള്ള ചുമതലകൾ മുതിർന്ന നേതാക്കൾ ഏറ്റെടുത്തുവെന്നത് യോഗത്തിന്റെ നേട്ടമായി പുറത്തുവരുമ്പോഴാണ് കടുത്ത വിമർശനവും ഉയരുന്നത്.
ആരാണ് മണ്ഡലം പ്രസിഡണ്ടുമാരെ നിയമിക്കുന്നതെന്ന് കെ സി ജോസഫ് ചോദിച്ചു. പ്രധാന നേതാക്കളെ പ്രാദേശിക തലത്തിൽ അവഗണിച്ച് താത്പര്യക്കാരെ നേതൃത്വത്തിലേക്ക് ഉയർത്തിയെന്ന വിമർശനവുമുണ്ട്. നാട്ടുകാരെക്കൊണ്ട് തമ്മിലടിപ്പിക്കുന്നവരെന്ന് പറയിപ്പിക്കരുതെന്ന ആവശ്യം കെ സി വേണുഗോപാൽ എക്സിക്യൂട്ടീവ് യോഗത്തിൽ മുന്നോട്ട് വച്ചതിന് പിന്നാലെയാണ് വിമർശനം.