പത്താം ക്ലാസ് ജയിച്ചവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശിവന്‍കുട്ടി

പത്താം ക്ലാസ് ജയിച്ചവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശിവന്‍കുട്ടി
പത്താം ക്ലാസ് ജയിച്ചവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തി എടുത്താണ് ഇപ്പോള്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിനായി കൂടുതല്‍ പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണ്. അധ്യാപകര്‍ക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Top