ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 7.30ഓടെയാണ് അപകടം നടന്നത്.
ചുരത്തിലെ 11ാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. വളവ് തിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. 40ലധികം പേരാണ് ബസിലുണ്ടായിരുന്നതെന്നും പരിക്കേറ്റവരുടെ കൃത്യമായ വിവരം ലഭ്യമായി വരുന്നേയുള്ളുവെന്നും സേലം പൊലീസ് അറിയിച്ചു.
പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ചുരത്തിലെ ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. അവധിക്കാലമായതിനാല്‍ വലിയ തിരക്കാണ് യേര്‍ക്കാടില്‍ അനുഭവപ്പെടുന്നത്.