കാന്‍ബെറ: സിഡ്‌നിയിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് മാളിലെ ആക്രമണത്തില്‍ കുത്തേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പെട നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഓസ്ട്രേലിയന്‍ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയാണ്. ഷോപ്പിങ് മാളിലെത്തിയ അക്രമി മറ്റ് അഞ്ച് പേരെ കുത്തികൊലപ്പെടുത്തുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ അക്രമി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് മാളിന് ചുറ്റും നിരവധി ആംബുലന്‍സുകളും പൊലീസ് വാഹനങ്ങളും ഉണ്ട്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി എത്തിയിട്ടുള്ള പാരമെഡിക്കല്‍ ജീവനക്കാരും സംഭവസ്ഥലത്ത് തമ്പടിച്ചിരിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആക്രമണത്തിന്റെ വീഡിയോയില്‍ കാണാനാകും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് സംഭവത്തെ അപലപിച്ചു.
ശനിയാഴ്ച ഉച്ചയോടെ ഓസ്ട്രേലിയയിലെ സിസ്നി ബോണ്ടി ജംഗ്ഷനിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവരെ അധികൃതര്‍ ഒഴിപ്പിച്ചു. കുറ്റവാളിയെക്കുറിച്ച് അവരുടെ ലക്ഷ്യത്തെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല. വെടിയേറ്റു മരിച്ച പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും പൊലീസ് അറിയിച്ചു.