തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ നേരിയ ആശ്വാസമുണ്ടെങ്കിലും വിവിധ ജില്ലകളില്‍ ഇപ്പോഴും കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനമായി നല്‍കിയ മുന്നറിയിപ്പ് പ്രകാരം 5 ദിവസം വിവിധ ജില്ലകളില്‍ കൊടും ചൂടായിരിക്കും അനുഭവപ്പെടുക. കേരളത്തിലെ കൊടും ചൂട് തുടരുമ്പോള്‍ നാല് ജില്ലകളില്‍ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. തിരുവനന്തപുരം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. നിലവില്‍ ഈ 4 ജില്ലകളില്‍ മാത്രമാണ് താപനില മുന്നറിയിപ്പില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലാത്തത്.
സംസ്ഥാനത്തെ 10 ജില്ലകളില്‍ നിലവില്‍ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഈ മാസം 24 വരെ സംസ്ഥാനത്ത് ഈ 10 ജില്ലകളിലും കൊടും ചൂട് തുടരുമെന്നാണ് വ്യക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് 5 ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ചൂടിനൊപ്പം ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.