കോഴിക്കോട്: സംസ്ഥാന മുസ്‍ലിം ലീഗും സമസ്തയും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക്. സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യംചെയ്ത സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെ ഇപ്പോൾ പരസ്യമായി വെല്ലുവിളിക്കുകയാണ് മറുവിഭാഗം. ഇതിനായി ഇന്ന് എടവണ്ണപ്പാറയിൽ സമസ്ത കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം യുദ്ധപ്രഖ്യാപനം തന്നെയാകും എന്നാണ് വിലയിരുത്തൽ. ഉമർ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം ഈ യോഗത്തിലുയരും.
ഉമർ ഫൈസിക്ക് പരസ്യ പിന്തുണയുമായി സമസ്തയുടെ പണ്ഡിത സഭയായ മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ഉമർ ഫൈസിക്കും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് സംയുക്ത പ്രസ്താവന. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ ഇതിന് കൂട്ടുനിൽക്കുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരാണ് സമസ്തയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് ലീഗ് വിരുദ്ധ പക്ഷത്തിന്റെ പ്രതിരോധം കടുക്കുന്നത്.
Also Read: അമ്മയും മകനും മരിച്ച നിലയിൽ
ഉമർ ഫൈസി ചെയ്തത് തെറ്റ്
ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കും. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും വിമർശനമുയർന്നു.
എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യംചെയ്തത് ശരിയല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.