തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ സംസ്ഥാനത്ത് വൈദ്യുതി ബില്‍ അടക്കുന്നത് 67 ശതമാനം ഉപയോക്താക്കളെന്ന് കെ.എസ്.ഇ.ബി. ക്യൂ നില്‍ക്കാതെയും കെ.എസ്.ഇ.ബി ഓഫിസിലെത്താതെയും സ്മാര്‍ട്ടായി ബില്‍ അടക്കുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ മാസം വൈദ്യുതി ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളില്‍ 47.85 ലക്ഷം പേരും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് പണമടച്ചത്. ഇത്തരത്തില്‍ പണമടച്ചവരില്‍ കൂടുതലും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന പല ഉള്‍പ്രദേശങ്ങളിലും 80 ശതമാനത്തിലധികം പേരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലുടെ ബില്‍ അടച്ചിരിക്കുന്നത് ഇടുക്കിയിലാണ്. ഇടുക്കി പീരുമേട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ 87.9 ശതമാനം ആളുകളാണ് ഓണ്‍ലൈന്‍ വഴി പണമടച്ചത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ വൈദുതി ബില്‍ അടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയ നഗരം എറണാകുളമാണ്. എറണാകുളം ഇടപ്പള്ളി സെക്ഷനില്‍ 84.73 ശതമാനം പേരും പാലാരിവട്ടം സെക്ഷനില്‍ 83.26 ശതമാനം പേരും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി.
കോഴിക്കോട് പന്തീരാങ്കാവ് സെക്ഷനില്‍ 84.87 ശതമാനം പേര്‍ ഓണ്‍ലൈന്‍ വഴി പണമടച്ചപ്പോള്‍ മൂന്നാര്‍ ചിത്തിരപുരം സെക്ഷനില്‍ 83.72 ശതമാനം പേരാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് പണമടച്ചത്.
2023 ജൂലൈ മുതല്‍ ഓരോ ബില്ലിങ് കാലയളവിലും രണ്ട് ശതമാനത്തിന് മുകളിലാണ് ഓണ്‍ലൈനിലൂടെ വൈദ്യുതി ബില്‍ അടക്കുന്നവരുടെ വര്‍ധന. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ആപ്പ് വഴിയും ജനങ്ങള്‍ പണമടക്കുന്നുണ്ട്.