ന്യൂഡൽഹി: ഐസിസിയുടെ വനിതാ ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് താരം ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. ടി20 റാങ്കിങ്ങിൽ മന്ദാന നാലാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
738 പോയിന്റുമായാണ് ഏകദിന റാങ്കിങ്ങിൽ മന്ദാനയുടെ കുതിപ്പ്. ഏകദിന ഫോർമാറ്റിൽ വനിതാ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരവും മന്ദാനയാണ്. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഒൻപതാം സ്ഥാനം നിലനിർത്തി.
ഏഷ്യാകപ്പിലും ജൂണിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ ശ്രീലങ്കൻ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ മന്ദാന മിന്നും ഫോമിലാണ് ബാറ്റുവീശിയത്. തുടർച്ചയായ രണ്ട് സെഞ്ച്വറികൾ (117, 136) അടിച്ചുകൂട്ടിയ മന്ദാന മൂന്നാം മത്സരത്തിൽ സെഞ്ച്വറിക്ക് അരികിലെത്തുകയും (90) ചെയ്തിരുന്നു. ജൂണിലെ ഐസിസി പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരവും മന്ദാന സ്വന്തമാക്കിയിരുന്നു.