CMDRF

നിലമ്പൂരില്‍ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും

നിലമ്പൂരില്‍ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും
നിലമ്പൂരില്‍ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീരഭാഗങ്ങളും

യനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെയായി ലഭിച്ചത് 48 മൃതദേഹങ്ങളും 41 ശരീര ഭാഗങ്ങളും. 26 പുരുഷന്മാരുടെയും 19 സ്ത്രീകളുടെയും 2 ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 41 ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചിരുന്നത്. ഇവയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, ഇന്ന് മാത്രം 16 മൃതദേഹങ്ങളും 16 അവശിഷ്ടങ്ങളും ലഭിച്ചു. ഇതില്‍ 10 എണ്ണം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു. ബാക്കി പുരോഗമിക്കുന്നു.

തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ ഇതിനകം ബന്ധുക്കള്‍ എത്തി കൊണ്ടുപോയി. ബാക്കി മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. 10 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കയറ്റി തുടങ്ങിയത്.

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടന്‍ വയനാട്ടിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫ്രീസറില്‍ ആക്കിയാണ് കൊണ്ടുപോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലന്‍സുകള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പത്ത് ആംബുലന്‍സുകള്‍ ഒന്നിച്ചാണ് വയനാട്ടിലേക്ക് തിരിച്ചത്. ഓരോ ആംബുലന്‍സിലും രണ്ടില്‍ കുറയാത്ത സന്നദ്ധ വളണ്ടിയര്‍മാരുമുണ്ട്. പോലീസ് എസ്‌കോര്‍ട്ട് വാഹനവും പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. ബാക്കിയുള്ളവയും ഉടന്‍ കൊണ്ടുപോകും.

Top