കോട്ടയം: രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാൻ കാരണം.
Also Read: ഡൽഹിയിൽ ‘അതീവ ജാഗ്രത’ നിർദേശവുമായി ഗവർണർ വി.കെ.സക്സേന
വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക് വില 400-600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി. ഊട്ടി, കൊടൈക്കനാൽ മേഖലയിൽനിന്നുള്ള വലുപ്പം കൂടിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. കർഷകർ നേരിട്ട് വാങ്ങുകയാണ് പതിവ്.
മേട്ടുപ്പാളയത്തുനിന്ന് ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാൽ ഇതിന് വിൽപ്പനയില്ല. ചെറിയ ശതമാനം കർഷകർ മാത്രമാണ് ഇത് വിൽക്കുന്നത്. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ലെന്ന് കർഷകരും മൊത്ത വ്യാപാരികളും പറയുന്നു.