തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കള്‍ക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവര്‍ഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയില്‍ 190 രൂപ വരെ വിലയെത്തി. വിലക്കയറ്റത്തില്‍ വലഞ്ഞിരിക്കുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ല്‍ നിന്നും 64 രൂപയായി ഉയര്‍ന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി.
ഉള്ളിയും ബീന്‍സ് അടക്കം പച്ചക്കറികള്‍ക്കും 5 മുതല്‍ 10 രൂപവരെ വില ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോള്‍ 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയില്‍ വില 400 പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.