ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. നന്ദകുമാറുമായി ജയരാജനുള്ളത് പാര്‍ട്ടിയോടുള്ളതിനേക്കാള്‍ വലിയ ബന്ധമാണോ എന്നും വാര്‍ത്താസമ്മേളനത്തില്‍ ശോഭ ചോദിച്ചു.
താന്‍ സിപിഐഎമ്മില്‍ ചേരാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്നും താന്‍ എല്‍ഡിഎഫില്‍ പോകുമെന്ന് സ്വപ്നം കാണാനേ നന്ദകുമാറിന് കഴിയൂവെന്നും ശോഭ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ആസൂത്രിതമാണെന്നാണ് ഇപി ജയരാജന്‍ നേരത്തേ പറഞ്ഞത്. പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ആണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി പറഞ്ഞു.