പുത്തന്‍ തലമുറയുടെ ദൈനംദിന ജീവിതതില്‍ കൂടുതല്‍ സമയവും സോഷ്യല്‍മീഡിയ ഉപയോഗം അപഹരിച്ചു കഴിഞ്ഞിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്നിടത്തു നിന്നും അടിമപ്പെടലിലേക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇത്തരം സാമൂഹ്യമാധ്യമങ്ങളെ കൂടാതെ മുന്നോട്ടുപോകാനാകില്ല എന്നായി. എന്തും അധികമായാല്‍ അമൃതും വിഷമെന്നു പണ്ടുള്ളവര്‍ പറഞ്ഞത് വെറുതെ ആയില്ല. അമിതമായ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പുത്തന്‍തലമുറ. സൈബര്‍ബുള്ളിയിങ് എന്നത് ഇന്നൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത് മൂലം ജീവിതം അവസാനിപ്പിക്കുന്നവരും ഏറെയാണ്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം അതിലൊന്ന് മാത്രം.
എന്തുകാര്യങ്ങള്‍ക്കായാലും നല്ല വശവും ചീത്ത വശവുമുണ്ട് ,അത് വേണ്ടപോലെ മനസിലാക്കുക എന്നതിലാണ് കാര്യം. ഒന്നിനോടും അധിക ആസക്തി നല്ലതല്ല. പണ്ടുകാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കൊറോണ കാലത്താണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. പോസിറ്റിവ് കണ്ടന്റുകള്‍ കൊണ്ടും നെഗറ്റീവ് കണ്ടന്റുകള്‍ കൊണ്ടും ഫോളോവേഴ്‌സ് കൂടി വൈറലാവുക എന്ന ലക്ഷ്യത്തോടെ ഇറങ്ങി തിരിച്ചവരാണ് ഏറെയും,അതിപ്പോള്‍ നല്ലരീതിക്കുള്ള പ്രശസ്തിയായാലും മോശം രീതിക്കുള്ളതായാലും ഇത്തരക്കാര്‍ക്ക് അത് വിഷയവുമല്ല. കൗമാരക്കാരായ കുട്ടികളാണ് ഇതിൽലേറെയും എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യം, അതുമാത്രമല്ല ഇത്തരം ചെയ്തികള്‍ക്ക് ചുക്കാന്‍ പിടിച്ച് മാതാപിതാക്കളും കൂടെത്തന്നെ ഉണ്ടാകും എന്നതും ഒരു സത്യമായ കാര്യമാണ്.
സൈബര്‍ബുള്ളിയിങ് എന്നത് ഒരു ചെറിയ കാര്യമല്ല, ഏതു ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളും, തരംതാഴ്ത്തലുകളുമാണ് സൈബര്‍ ബുള്ളിയിങ് എന്നുപറയുന്നത്. ഇത് താങ്ങാന്‍ കൗമാര പ്രായത്തിലെ കുഞ്ഞു മനസ്സുകള്‍ക്കായെന്ന് വരില്ല, ഇത്തരം സംഭവങ്ങളാണ് ചെറുപ്രായത്തിലേയുള്ള ആത്മഹത്യകൾക്ക് വഴിവെക്കുന്നത്. തിരിച്ചറിവാകുന്ന പ്രായം ആകുന്നതിനുമുന്നെ തന്നെ കുഞ്ഞുങ്ങള്‍ക്ക് സാമൂഹ്യമാധ്യമത്തില്‍ പ്രൊഫൈല്‍ ഉണ്ടാക്കി വിഡിയോകളും, ഫോട്ടോകളും പോസ്റ്റ് ചെയ്യുന്ന അച്ഛനമ്മമാരും ഏറെയാണ്, എന്തിനേറെ പറയുന്നു കുട്ടി ജനിച്ച അന്നുതന്നെ ഹോസ്പിറ്റലില്‍ വെച്ച് പ്രൊഫൈല്‍ തുടങ്ങിയ മാതാപിതാക്കളുടെ വാര്‍ത്ത അടുത്തിടെ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സോഷ്യല്‍മീഡിയയിലെ പേരിനും പ്രശസ്തിക്കും അപ്പുറം വന്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ആരും മനസ്സിലാക്കുന്നില്ല, നമ്മുടെ ചുറ്റുപാടും ഇതുമായി ബന്ധപ്പെട്ട നിരവധി പ്രേശ്‌നങ്ങളും,ആത്മഹത്യകളും ,കൊലപാതകങ്ങളും വരെ നടന്നിട്ടും,ജനങ്ങള്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാത്തതാണോ അതോ, പേരിലും പ്രശസ്തിയിലും കണ്ണ് മഞ്ഞളിച്ചു കാണാതെ പോയതാണോ? ഇനി കാണാന്‍ ശ്രെമിക്കാത്തതാണോ എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.