കാൻബെറ: ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ 16 വയസിൽ താഴെയുള്ള കുട്ടികളിലെ അമിത സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ബിൽ അവതരിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ലെന്നും ബില്ലിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലോ നിലവിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിലോ ഒന്നും നിയന്ത്രണത്തിൽ ഇളവ് ലഭിക്കില്ല. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നുണ്ടാവുന്ന നിയമലംഘനങ്ങൾക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിർദേശം ഇതോടൊപ്പമുണ്ട്.
Also Read: 56 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയില്‍
നിർണായകമായ ഒരു മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇത് ലംഘിക്കപ്പെടാനുള്ള സാധ്യതകൾ ഇല്ലാതാക്കണമെന്ന് സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ ലിബറൽ പാർട്ടി ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലും മറ്റ് ചില പാർട്ടികൾ ബില്ലിന്റെ കൂടുതൽ വിവരങ്ങൾ വേണമെന്ന ആവശ്യത്തിലുമാണുള്ളത്.
അതേസമയം, മെസേജ് അയക്കുന്നതിനും ഓൺലൈൻ ഗെയിമിങിനും ആരോഗ്യ – വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങൾക്കുമൊന്നും വിലക്കുണ്ടാവില്ല. യുവതലമുറയുടെ മാനസിക ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങൾക്കും പഠന ആവശ്യങ്ങൾക്കുള്ള ഗൂഗിളിന്റെ ആൽഫബറ്റ് ക്ലാസ് റൂം, യൂട്യൂബ് പോലുള്ളവയ്ക്കും വിലക്ക് ബാധകമാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.