അതിശക്തമായ സൗരകൊടുങ്കാറ്റുകള്‍ വരും ദിവസങ്ങളിലും ഭൂമിയിലേക്ക് പതിക്കുമെന്ന് മുന്നറിയിപ്പ്. സൂര്യനില്‍ ശക്തമായ പൊട്ടിത്തെറികള്‍ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യന്‍ സോളാര്‍ പാരമ്യത്തില്‍ എത്തിയതായും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) സ്ഥിരീകരിച്ചു. ഒരു സോളാര്‍ സൈക്കിളിനിടെ സൂര്യനില്‍ ഏറ്റവും കൂടുതല്‍ സോളാര്‍ ആക്റ്റിവിറ്റികള്‍ സംഭവിക്കുന്ന കാലയളവിനെയാണ് സോളാര്‍ മാക്‌സിമം എന്ന് വിളിക്കുന്നത്.
സോളാര്‍ മാക്‌സിമം എന്ന ഘട്ടത്തിലേക്ക് സൂര്യന്‍ പ്രവേശിച്ചതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനും സ്ഥിരീകരിച്ചിരിക്കുകയാണ്. അതിശക്തമായ സൗരജ്വാലകള്‍ സൂര്യന്‍ പുറംതള്ളുന്ന ഘട്ടമാണിത്. ശരാശരി 11 വര്‍ഷത്തിനിടെയാണ് ഇത് സംഭവിക്കുക. ഇപ്പോഴത്തെ സോളാര്‍ സൈക്കിള്‍ 2025 വരെ തുടരും. സൈക്കിള്‍ 25 എന്നാണ് ഈ സോളാര്‍ ഘട്ടം അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം ഏറെ അതിശക്തമായ സൗരജ്വാലകളാണ് സൃഷ്ടിക്കപ്പെട്ടത്.
അതിക്തമായ സൗരജ്വാലകള്‍ ജിയോ മാഗ്‌നറ്റിക് കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. ഇത് ഭൂമിയില്‍ അതിമനോഹരമായ ധ്രുവദീപ്തി സൃഷ്ടിക്കും. സൗരക്കാറ്റില്‍ നിന്ന് വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താല്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്‍മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ഉണ്ടാകുന്നത്. ഇതിനെ അറോറ എന്നും വിളിക്കാറുണ്ട്. ഇതോടെ ആകാശത്ത് നിറങ്ങളുടെ ദൃശ്യക്കാഴ്ച നിറയും. ഇന്ത്യയില്‍ ലേയും ലഡാക്കിലുമാണ് നോര്‍ത്തേണ്‍ ലൈറ്റ്‌സ് സാധാരണയായി ദൃശ്യമാകാറുള്ളത്.
Read Also: ജമ്മു കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
ഇതിന് പുറമെ ഭൂമിയില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളും ജിയോ മാഗ്‌നറ്റിക് കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കും. സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരു പ്രശ്‌നവും സാധാരണയായി സൃഷ്ടിക്കാറില്ല. എങ്കിലും റേഡിയോ പ്രക്ഷേപണത്തില്‍ പ്രശ്നങ്ങള്‍, നാവിഗേഷന്‍ സിഗ്‌നലുകളില്‍ തകരാര്‍, പവര്‍ഗ്രിഡുകളില്‍ പ്രശ്നങ്ങള്‍, സാറ്റ്ലൈറ്റുകളില്‍ തകരാര്‍ എന്നിവയ്ക്ക് സൗരക്കാറ്റുകള്‍ കാരണമാകാറുണ്ട്.