‘മാധ്യമങ്ങളെ കാണുന്നത് ചില താരങ്ങൾ എതിർത്തു’: ബി. ഉണ്ണിക്കൃഷ്ണൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളേക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ യൂണിയനുകളും കൃത്യമായി വിലയിരുത്തണമെന്ന് സംഘടന ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. റിപ്പോർട്ടിനേക്കുറിച്ച് ഫെഫ്ക മൗനം പാലിക്കുകയാണെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുമായും കൂടിയാലോചിച്ച് ക്രോഡീകരണം നടത്തി അന്തിമ റിപ്പോർട്ടുണ്ടാക്കും. ആ റിപ്പോർട്ട് പൊതുസമൂഹത്തിനും സർക്കാരിനും കൊടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതാനും മീറ്റിങ്ങുകൾ ഇതിനോടകം നടന്നു. ഇനിയും നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അം​ഗങ്ങളെ വിളിച്ച് പ്രത്യേകം ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.

അതിലെടുക്കുന്ന നടപടികൾ അടുത്തഘട്ടത്തിൽ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരിക്കാമെന്നും ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി മൗനംപാലിക്കുന്നു എന്ന വിമർശനത്തിനും ബി. ഉണ്ണിക്കൃഷ്ണൻ മറുപടി പറഞ്ഞു. 21 യൂണിയനുകളുൾപ്പെടുന്ന ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ഇതുപോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന റിപ്പോർട്ടിനേക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരുടേയും അഭിപ്രായം കേൾക്കണമെന്ന നിർബന്ധം എല്ലാവർക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് ബി.ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. പത്തൊൻപതാം തീയതി റിപ്പോർട്ട് വന്നപ്പോൾ അതൊന്ന് ഓടിച്ചുനോക്കിയിരുന്നു. പിന്നീടാണ് വിശദമായി വായിക്കുന്നത്.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അമാന്തം കാണിച്ചിട്ടില്ല: എം വി ഗോവിന്ദന്‍

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതിനിധികളും അമ്മയുടെ പ്രതിനിധികളും തന്നെ ബന്ധപ്പെടുകയും കാണണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇൻഡസ്ട്രിയിലെ എല്ലാ സംഘടനകൾക്കും ഒരുമിച്ച് വേണമെങ്കിൽ തൊട്ടടുത്ത ദിവസം മാധ്യമങ്ങളെ ഒന്നുകാണാം എന്നാണ് താൻ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന പരാമർശങ്ങളേക്കുറിച്ച് സംസാരിച്ചേ മതിയാവൂ എന്നും പറഞ്ഞു. അന്ന് അവർ അനുകൂല നിലപാടെടുത്തെങ്കിലും അമ്മയിലെ ചില താരങ്ങൾ ഇതിനെ വളരെ ശക്തിയുക്തം എതിർത്തു. മോഹൻലാലിനും മമ്മൂട്ടിക്കും ഇതേക്കുറിച്ച് സംസാരിക്കുന്നതിന് വിരോധമുണ്ടായിരുന്നില്ല. എന്നാൽ, അന്ന് എതിർത്ത പലരും പുരോ​ഗമനമുഖവുമായി ചാനലുകൾക്ക് മുന്നിൽ വരുന്നതുകണ്ടുവെന്നും ബി. ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.

Also Read: സംവിധായകനെതിരെ പരാതി; നടിയുടെ മൊഴി രേഖപ്പെടുത്തി

അത്തരം നിലപാടുകളാണ് നമ്മളെ ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നത്. ആരോപണവിധേയരായവരുടെ മുഴുവൻ പേരുകളും പുറത്തുവരണമെന്ന ഫെഫ്കയുടെ നിലപാട് ആവർത്തിക്കുകയാണ്. ഫെഫ്ക മാത്രമേ ഇങ്ങനെയൊരുകാര്യം ആവശ്യപ്പെട്ടിട്ടുള്ളൂ. നിയമനടപടികളിലൂടെ അവരെല്ലാവരും കടന്നുപോകണം. ഞങ്ങളുടെ അം​ഗങ്ങളും ഇപ്പോൾ ആരോപണവിധേയരായിട്ടുണ്ട്. അതിൽ ഇതിനുമുൻപും ഫെഫ്കയ്ക്ക് ഒരു പൊതുനിലപാടുണ്ട്. എഫ്.ഐ.ആർ ഇട്ടാൽ ഞങ്ങൾ ഒരു നടപടിയിലേക്ക് പോകില്ല. കാരണം, മറ്റുപല വിഷയങ്ങളിലും എഫ്.ഐ.ആറിൽ പേരുചേർക്കപ്പെട്ടവർ സംഘടനയിലുണ്ട്.

എന്നാൽ, പോലീസ് അന്വേഷിച്ച് കുറ്റക്കാരനാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയോ കോടതി പരാമർശം നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താൽ ആ നിമിഷം ആ അം​ഗത്തെ പുറത്താക്കും. തന്റെ നിരപരാധിത്വം തെളിയിച്ചതിനുശേഷം മാത്രമേ അദ്ദേഹത്തിന് അം​ഗത്വത്തിലേക്ക് മടങ്ങിവരാൻ കഴിയുകയുള്ളൂ, ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഷിഖ് അബു ഇപ്പോൾ ഉന്നയിച്ച ആരോപണം 2018-ൽ അദ്ദേഹം പറഞ്ഞതാണ്. ഡയറക്ടേഴ്സ് യൂണിയൻ വിശദമായൊരു മറുപടി നൽകിയിട്ടുണ്ട്. സംഘടനയുടെ സോഷ്യൽ മീഡിയ പേജിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി. ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

Top