ദുബായി: യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ചൊവ്വാഴ്ച രാത്രി വരെ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എം) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചിരുന്നു.
ചൊവ്വാഴ്ച പെയ്ത മഴയിൽ അബൂദബിയിലെ വാദികൾ നിറഞ്ഞു കവിഞ്ഞതിന്റെയും റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെയും വിഡിയോ എൻ.സി.എം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അൽ ഐനിൽ അതിരാവിലെയാണ് മഴ ലഭിച്ചത്. അതേസമയം, വടക്ക്, കിഴക്ക് മേഖലകളിലും ഉൾപ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം ഏഴുവരെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ടെന്ന് എൻ.സി.എം മുന്നറിയിപ്പ് നൽകി.
ഒമാൻ കടലിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും ഏഴ് അടി വരെ ഉയരത്തിൽ തിര ഉയരാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാവുകയും ശക്തമായ കാറ്റടിക്കുകയും ചെയ്യുന്ന സാചര്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് ആറു മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അബൂദബിയിൽ 41 ഡിഗ്രിയും ദുബൈയിൽ 42 ഡിഗ്രിയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. പർവത മേഖലകളിൽ ഇത് 25 ഡിഗ്രിയായിരുന്നു. പർവത മേഖലകളിൽ ഈർപ്പം 15 ശതമാനമായി കുറയുകയും ചെയ്തു.
ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പുറം ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. വാഹന യാത്രക്കാരും ശ്രദ്ധിക്കണം. മഴയുള്ള സമയങ്ങളിലും വാദികളുടെയും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളുടെയും അടുത്തേക്ക് പോകരുതെന്ന് അബൂബദി സിവിൽ ഡിഫൻസ് എക്സ് അക്കൗണ്ടിലൂടെ അഭ്യർഥിച്ചിരുന്നു.