മുംബൈ: കരിയറില്‍ നേട്ടങ്ങളും വീഴ്ചകളും കണ്ടിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. അടുത്തകാലത്തായി അക്ഷയ് കുമാറിന് എന്നാല്‍ നല്ല കാലമല്ലെന്ന് തന്നെ പറയാം. ഗലാറ്റ പ്ലസുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമകള്‍ പരാജയപ്പെടുന്ന സമയത്ത് ബോളിവുഡിലെ ചിലര്‍ അത് ആഘോഷിക്കുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.
രാജ്യത്തെ മുന്‍നിര താരമായതിനാല്‍ ചിത്രങ്ങളുടെ ജയ പരാജയങ്ങള്‍ സംബന്ധിച്ച് അക്ഷയ് കുമാറിന് മേലുള്ള നിരീക്ഷണം ശക്തമല്ലെ എന്നായിരുന്നു ചോദ്യം. ‘അതേ അത് എല്ലായിപ്പോഴുമുണ്ട്. നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ടാല്‍. ഇന്‍ട്രസ്ട്രീയിലെ ചില ആളുകള്‍ തന്നെ അത് കണ്ട് സന്തോഷിക്കും. ഞാന്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. അയാളുടെ പടം വിജയിച്ചില്ലെന്ന് പറഞ്ഞ് അവര്‍ ചിരിക്കാറുണ്ട്’ അക്ഷയ് കുമാര്‍ പറഞ്ഞു.
ആളുകള്‍ എന്ന് പറയുമ്പോള്‍ അവര്‍ സിനിമ രംഗത്തുള്ളവരാണ് എന്നാണ് അക്ഷയ് വ്യക്തമാക്കുന്നു., വിജയം എന്നതിന്റെ താക്കോല്‍ സ്ഥിരതയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ”സിനിമകള്‍ ഓടാത്തത് പല തവണ ഞാന്‍ കണ്ടതാണ്. എല്ലാവരും കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കണം. സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവെക്കണം എന്നതാണ് പ്രധാനം. അച്ഛന്‍ എന്നെ അത് പഠിപ്പിച്ചിട്ടുണ്ട്. ധാരാളം ആളുകള്‍ വന്ന് നിങ്ങള്‍ക്ക് ഉപദേശം നല്‍കും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ബോധം പിന്തുടര്‍ന്ന് നേരെ പോകുക. എപ്പോഴും ഒരു നിര്‍മ്മാതാവിന്റെ ആളായി ഇരിക്കുക. ഒരു സിനിമ പ്രവര്‍ത്തിക്കാത്തപ്പോള്‍ നിന്‍മ്മാതാവിന്റെ വേദന നമ്മുടെത് കൂടിയാകണം” അക്ഷയ് പറഞ്ഞു.
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സര്‍ഫിറ ജൂലൈ 12 നാണ് തീയറ്ററില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ ചിത്രത്തിന് നിരാശജനകായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ദിനം ചിത്രത്തിന്റെ കളക്ഷന്‍ മെച്ചപ്പെട്ടുവെന്നാണ് വിവരം. സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.