ഇന്നോവയുടെ ചില വേരിയന്റുകള്‍ ഇനി ബുക്ക് ചെയ്യാനാവില്ല; അപ്രതീക്ഷിത തീരുമാനവുമായി ടൊയോട്ട

ഇന്നോവയുടെ ചില വേരിയന്റുകള്‍ ഇനി ബുക്ക് ചെയ്യാനാവില്ല; അപ്രതീക്ഷിത തീരുമാനവുമായി ടൊയോട്ട
ഇന്നോവയുടെ ചില വേരിയന്റുകള്‍ ഇനി ബുക്ക് ചെയ്യാനാവില്ല; അപ്രതീക്ഷിത തീരുമാനവുമായി ടൊയോട്ട

ന്നോവയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകമൊരു വികാരമാണ്. പ്രീമിയം വാഹനമാണെങ്കിലും ഇത്രയും ഡിമാന്റ് കിട്ടുന്നത് വളരെ അപൂര്‍വമായൊരു കാഴ്ച്ചയാണ്. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോലും ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള 7 സീറ്റര്‍ മോഡലാണ് ഇന്നോവ. ആദ്യതലമുറ മുതല്‍ ഇന്ന് മൂന്നാംതലമുറ ആവര്‍ത്തനം വരെ വന്നെത്തി നില്‍ക്കുമ്പോള്‍ ജാപ്പനീസ് കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ഡീസല്‍ എഞ്ചിനും പിന്നിലെ യാത്രാ സുഖവും റീസെയില്‍ വാല്യുവുമെല്ലാമാണ് ഇന്നോവയെ രാജകീയമാക്കുന്ന കാര്യം. ഡീസല്‍ ഒഴിവാക്കി സമ്പൂര്‍ണ ഹൈബ്രിഡ് കാറായി മാറിയ മാറ്റവും ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അടിക്കടി ഇന്നോവ ഹൈക്രോസിന്റെ വേരിയന്റ് നിരയില്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന് ടൊയോട്ട പുതുമയോടെ നിര്‍ത്താന്‍ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ അപ്രതീക്ഷിത തീരുമാനവുമായി ടൊയോട്ട എതിത്തിരിക്കുന്നു. ഇന്നോവ ഹൈക്രോസിന്റെ ടോപ്പ് എന്‍ഡ് ZX, ZX (O) വേരിയന്റുകളുടെ ബുക്കിംഗ് വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രണ്ട് വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി ടൊയോട്ട നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഈ വര്‍ഷം ഏപ്രിലില്‍ ബുക്കിംഗ് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ഹൈക്രോസിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് എല്ലായ്‌പ്പോഴും ഉയര്‍ന്ന ഡിമാന്‍ഡാണ് ലഭിക്കുന്നത്. കാത്തിരിപ്പ് കാലയളവ് ഉയര്‍ത്താതിരിക്കാനാവും കമ്പനി വീണ്ടും ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നത്. നിലവിലുള്ള ഓര്‍ഡറുകള്‍ തീര്‍പ്പാക്കിയ ശേഷം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും ടൊയോട്ട സൂചന നല്‍കിയിട്ടുണ്ട്.ഇന്നോവ ഹൈക്രോസിന്റെ ZX, ZX (O) വേരിയന്റുകള്‍ക്ക് ഇന്ത്യയില്‍ യഥാക്രമം 30.34 ലക്ഷം രൂപ, 30.98 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 2024 മെയ് വരെ, ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് VX, VX (O) വേരിയന്റുകളില്‍ ലഭ്യമാവും. ഇവ രണ്ടിനും 14 മാസം വരെയാണ് കമ്പനി അവകാശപ്പെടുന്ന വെയിറ്റിംഗ് പിരീഡ് വരുന്നത്. നോണ്‍-ഹൈബ്രിഡ് പെട്രോള്‍ വേരിയന്റുകള്‍ക്ക് നിലവില്‍ ആറ് മാസത്തെ കാത്തിരിപ്പ് കാലാവധിയുണ്ട്. വെല്‍ഫയര്‍ എംപിവിയുടെ 12 മാസത്തേക്കാളും കൂടുതലാണ് ഹൈക്രോസിന്റെ കാത്തിരിപ്പ് കാലാവധി എന്നതാണ് രസകരമായ കാര്യം. ഹൈക്രോസ് നിരയില്‍ നിന്നും ഡീസല്‍ പൂര്‍ണമായും ഒഴിവാക്കിയതോടെ ആളുകളെ കൈയിലെടുക്കാന്‍ ജാപ്പനീസ് ബ്രാന്‍ഡ് എടുത്ത ഹൈബ്രിഡ് ഐഡിയ എന്തായാലും ഹിറ്റായിട്ടുണ്ട്. ഇതിനു പുറമെ സാധാരണക്കാര്‍ക്കായി നോണ്‍-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, അല്ലെങ്കില്‍ 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ഇപ്പോള്‍ വാങ്ങാനാവുന്നത്. ഇതില്‍ NA പെട്രോളിന് 173 bhp പവറില്‍ പരമാവധി 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്‍ 184 bhp കരുത്തോളം നിര്‍മിക്കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ നിന്നും മാനുവല്‍ ട്രാന്‍സ്മിഷനും ടൊയോട്ട എടുത്തുകളഞ്ഞിട്ടുണ്ട്. പകരം ഇ-ഡ്രൈവ് ട്രാന്‍സ്മിഷനുമായാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വരുന്നത്. അതേസമയം 2.0 ലിറ്റര്‍ NA പെട്രോളില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനാണുള്ളത്. ഇനി ഇന്നോവയുമായുള്ള മറ്റ് വാര്‍ത്തകളിലേക്ക് വന്നാല്‍ അടുത്തിടെ 20.99 ലക്ഷം രൂപ വിലയുള്ള പുതിയ ഹൈബ്രിഡ് ഇതര GX (O) വേരിയന്റ് എംപിവിയിലേക്ക് അവതരിപ്പിച്ചിരുന്നു. 7, 8-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാനാവുന്ന ഇത് അത്യാവിശ്യം മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമാണെന്ന് വേണം പറയാന്‍. ഇന്നോവ ഹൈക്രോസിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് എതിരാളികളൊന്നുമില്ലെങ്കിലും വില കണക്കിലെടുക്കുമ്പോള്‍ അതിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിനായ മാരുതി സുസുക്കി ഇന്‍വിക്‌റ്റോ, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ തുടങ്ങിയ ഏഴ് സീറ്റര്‍ എസ്യുവികളോടാണ് പ്രധാനമായും മത്സരിക്കുന്നത്.

Top