മുംബൈ: റോഡരികില്‍ പാര്‍ക്ക് ചെയ്ത അച്ഛന്റെ കാര്‍ ഇടിച്ച് തെറിപ്പിച്ച് മകന്‍. മഹാരാഷ്ട്രയിലെ ബദ്‌ലാപുരിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു കാറുമായി എത്തി അച്ഛന്റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. അംബര്‍നാഥിലെ ചിഖോലിക്ക് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ, സമീപത്തുള്ള ഒരാള്‍ ഷൂട്ട് ചെയ്യുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമായിരുന്നു. വൈകിട്ട് 6:30ന് ബിന്ദേശ്വര്‍ ശര്‍മയും കുടുംബവും കല്യാണ്‍-ബദ്ലാപൂര്‍ സംസ്ഥാനപാതയിലൂടെ കാറോടിക്കുകയായിരുന്നു. ബിന്ദേശ്വര്‍ ഒരു വെളുത്ത ടൊയോട്ട ഫോര്‍ച്യൂണറിലാണ് യാത്ര ചെയ്തിരുന്നത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളും കാറിലുണ്ടായിരുന്നു. ഈ വാഹനത്തെ കറുത്ത ടാറ്റ സഫാരിയില്‍ മകന്‍ സതീഷ് പിന്തുടര്‍ന്നു. സതീഷ് ആദ്യം തന്റെ പിതാവിന്റെ കാറിനെ പിന്നില്‍ നിന്ന് ഇടിച്ച് മുന്നോട്ട് പോയി. പിന്നീട് വണ്ടി ഓടിച്ച് തിരികെ വന്നും ഇടിക്കുകയായിരുന്നു.