തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണല്‍ ഹെറാള്‍ഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിഎംഎല്‍എ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.
ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും എന്താണെന്ന് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട് താങ്കള്‍ എന്തുകൊണ്ട് അറസ്റ്റില്‍ ആയില്ല എന്ന് ചോദിക്കുന്നില്ല. അതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട്. ഈ ചോദ്യം ഉന്നയിക്കുക വഴി അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റിനെ രാഹുല്‍ ഗാന്ധി ശരിവെയ്ക്കുകയാണെന്ന് ശിവന്‍ കുട്ടി വ്യക്തമാക്കി. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുല്‍ ഗാന്ധി പുലര്‍ത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ വന്നു മത്സരിക്കുന്നത്. ബിജെപിയോട് നേരില്‍ മത്സരിക്കാന്‍ പോലും പ്രാപ്തിയില്ലാത്ത ആളാണ് രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയിലെ പ്രചാരണത്തിന് മറുപടി നല്‍കാന്‍ പോലും രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ കഴിയുന്നില്ല. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിനെ ആലപ്പുഴയില്‍ മത്സരിപ്പിച്ചത് വഴി ബിജെപിക്ക് രാജ്യസഭയില്‍ അംഗബലം കൂടുന്നതില്‍ എതിര്‍പ്പില്ല എന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും ഡല്‍ഹിയില്‍ പരസ്യപ്രക്ഷോഭത്തിലൂടെ താക്കീത് നല്‍കുകയും ചെയ്ത സര്‍ക്കാര്‍ ആണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ കുറിച്ചാണ് പ്രകടനപത്രികയില്‍ പോലും അക്കാര്യം പറയാന്‍ ധൈര്യമില്ലാത്ത പാര്‍ട്ടിയുടെ നേതാവായ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.