ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മകൻ്റെ നിരാഹാരം

ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മകൻ്റെ നിരാഹാരം
ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മകൻ്റെ നിരാഹാരം

ചണ്ഡീഗഡ്: ഐ ഫോൺ വാങ്ങിക്കൊടുക്കാത്തതിനാൽ നിരാഹാര സമരം നടത്തിയ മകന് ഒടുവിൽ ഫോൺ വാങ്ങിക്കൊടുക്കേണ്ടിവന്ന ഒരു പൂക്കച്ചവടക്കാരിയുടെ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഐഫോൺ എന്ന മോഹം സഫലമാക്കാനായി മൂന്ന് ദിവസമാണ് യുവാവ് നിരാഹാരം കിടന്നത്. ഹരിയാനയിലെ ടണ്ഡ് വാളിലായിരുന്നു സംഭവം. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധേയമായതോടെ നിരവധിപ്പേരാണ് യുവാവിൻ്റെ പിടിവാശിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമിത സ്നേഹം എപ്പോഴും കുട്ടികളെ നശിപ്പിക്കുമെന്നും നാണക്കേടെന്നും തുടങ്ങി നിരവധി കമൻറുകളാണ് പോസ്റ്റിനുതാഴെ വരുന്നത്. ഒരു രക്ഷിതാവിനും അവനെപ്പോലെയുള്ള കുട്ടികൾ പാടില്ലെന്നും കമൻറുണ്ട്.

”അമ്മ അവനെ ചെരിപ്പുകൊണ്ട് അടിച്ച് പട്ടിണി കിടക്കാൻ വിടണമായിരുന്നു. ഈ സ്വാർത്ഥ കള്ളന്മാർ അവരുടെ അത്യാഗ്രഹത്തിന് സ്വന്തം മാതാപിതാക്കളെ വിൽക്കാൻ മടിക്കില്ല,” ഒരു ഉപയോക്താവ് പറഞ്ഞു. “അവരെപ്പോലുള്ള മാതാപിതാക്കൾ ബഹുമാനവും നന്ദിയും അർഹിക്കുന്നു. ഉത്തരവാദിത്തബോധമോ ബഹുമാനമോ ഇല്ലാത്ത ഇത്തരം കുട്ടികൾ പലപ്പോഴും മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്ന നിലയിലേക്ക് വളരുന്നു.” മറ്റൊരു ഉപയോക്താവ് പറഞ്ഞു.

ഇൻകൊ​ഗ്നിറ്റൊ എന്ന എക്സ് അക്കൗണ്ടിൽ അമ്മയുടെയും മകൻ്റെയും വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. “ഞാൻ ക്ഷേത്രത്തിന് പുറത്ത് പൂക്കൾ വിൽക്കുന്നു, എൻ്റെ മകൻ ഒരു ഐഫോൺ വേണമെന്ന് ആഗ്രഹിച്ചതിനാൽ മൂന്ന് ദിവസമായി ഒന്നും കഴിച്ചിട്ടില്ല”, അമ്മ പറയുന്നു. മകൻ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മ ഒടുവിൽ ഫോൺ വാങ്ങിക്കൊടുക്കാൻ നിർബന്ധിതയാവുകയും പണം നൽകുകയുമായിരുന്നു. എന്നാൽ വെറുതെയങ്ങ് ഫോൺ വാങ്ങാനുള്ള കാശ് കൊടുക്കുകയായിരുന്നില്ല ആ അമ്മ ചെയ്തത്. ഫോൺ വാങ്ങാൻ ചെലവായ തുക മകൻ സമ്പാദിക്കണമെന്നും അത് തനിക്ക് തിരികെ നൽകണമെന്നും അവർ പറഞ്ഞു. ഈ നിബന്ധന പാലിക്കാമന്ന് മകൻ വാക്ക് നൽകിയതോടെയാണ് ഫോൺ വാങ്ങാനുള്ള പണം സംഘടിപ്പിച്ച് മകന് നൽകിയത്.

Top