CMDRF

ദക്ഷിണാഫ്രിക്കക്ക് അയർലൻഡിനോടും തോൽവി

ടി20 ചരിത്രത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അയർലൻഡിൻറെ ആദ്യ ജയമാണിത്

ദക്ഷിണാഫ്രിക്കക്ക് അയർലൻഡിനോടും തോൽവി
ദക്ഷിണാഫ്രിക്കക്ക് അയർലൻഡിനോടും തോൽവി

അബുദാബി: ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ അയർലൻഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക. ലോകകപ്പ് ഫൈനലിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 10 റൺസിന് തോൽപ്പിച്ച അയർലൻഡ് രണ്ട് മത്സര പരമ്പര സമനിലയാക്കി(1-1). ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് ജയിച്ചിരുന്നു. ടി20 ചരിത്രത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ അയർലൻഡിൻറെ ആദ്യ ജയമാണിത്.ഇന്നലെ അബുദാബിയിൽ നടന്ന രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഓപ്പണർ റോസ് അഡയറുടെ സെഞ്ചുറി കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനായി ഓപ്പണർമാരായ ക്യാപ്റ്റൻ പോൾ സ്റ്റെർലിങും(31 പന്തിൽ 52) റോസ് അഡയറും ചേർന്ന്(58 പന്തിൽ 100) ഓപ്പണിംഗ് വിക്കറ്റിൽ 13 ഓവറിൽ 137 റൺസെടുത്തപ്പോൾ പിന്നീട് 20 റൺസെടുത്ത ഡോക്‌റെൽ മാത്രമാണ് രണ്ടക്കം കടന്നത്. അഡയർ 58 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സും പറത്തിയാണ് സെഞ്ചുറിയിലെത്തിയത്. സ്റ്റിർലിങ് 31 പന്തിൽ 52 റൺസെടുത്തു. ഇരുവരും പുറത്തായശേഷം 13 പന്തിൽ 20 റൺസെടുത്ത ഡോക്‌റെൽ മാത്രമാണ് തിളങ്ങിയുള്ളൂ എങ്കിലും അയർലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസിലെത്തി.

മറുപടി ബാറ്റിംഗിൽ ഓപ്പണർ റിയാൻ റിക്കിൾടൺ(22 പന്തിൽ 36) റീസ ഹെൻഡ്രിക്സ്(32 പന്തിൽ 51), മാത്യു ബ്രീറ്റ്സെകെ(41 പന്തിൽ 51) എന്നിവർ മാത്രമെ തിളങ്ങിയുള്ളു. മൂന്ന് പേരൊഴികെ മറ്റാരും രണ്ടക്കം കാണാതിരുന്നതോടെ 12.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 121 റൺസിലെത്തിയെങ്കിലും പിന്നീട് തകർന്നടിഞ്ഞു. ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം(8), ട്രിസ്റ്റൻ സ്റ്റബ്സ്(9), വിയാൻ മുൾഡർ(8), പാട്രിക് ക്രുഗർ(5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ അയർലൻഡിനായി മാർക്ക് അഡയർ 31 റൺസിന് നാലു വിക്കറ്റും ഗ്രഹാം ഹ്യൂം 31 റൺസിന് 3 വിക്കറ്റുമെടുത്തു. ടി20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്കയും അയർലൻഡും ഏറ്റുമുട്ടും.

Top