ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് സൗത്തി

സൗത്തി ന്യൂസിലന്‍ഡിനെ14 ടെസ്റ്റുകളോളം നയിച്ചിട്ടുണ്ട്

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് സൗത്തി
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ച് സൗത്തി

ഓക്ലന്‍ഡ്: ടെസ്റ്റ് പരമ്പരക്ക് തൊട്ടുമുമ്പ് പേസ് ബളര്‍ ടിം സൗത്തി ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചു. ടോം ലാഥം കിവീസിന്റെ പുതിയ നായകനാകും. സൗത്തി ന്യൂസിലന്‍ഡിനെ14 ടെസ്റ്റുകളോളം നയിച്ചിട്ടുണ്ട് . ഇതില്‍ ആറു വീതം ജയവും പരാജയവും നേരിട്ടപ്പോള്‍ രണ്ട് മത്സരത്തില്‍ സമനില നേടി.382 രാജ്യാന്തര വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത് . ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതെന്നും സൗത്തി വ്യക്തമാക്കി. തന്റെ കരിയറില്‍ എപ്പോഴും ടീമിനാണ് മുന്‍ഗണന നല്‍കിയതെന്നും ക്യാപ്റ്റന്‍സി ഉപേക്ഷിക്കുന്നതാണ് ടീമിന് നല്ലതെന്ന് വിശ്വസിക്കുന്നതായും സൗത്തി കൂട്ടിച്ചേര്‍ത്തു.

35കാരനായ താരം ന്യൂസിലന്‍ഡിനായി 102 ടെസ്റ്റ്, 161 ഏകദിന, 126 ട്വന്റി20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. . റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിക്ക് (431) ശേഷം ന്യൂസിലന്‍ഡിനായി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് സൗത്തി.

2022 ഡിസംബറില്‍ കെയ്ന്‍ വില്യംസന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെയാണ് സൗത്തിയുടെ അരങ്ങേറ്റം. 17 വര്‍ഷമായി കളിക്കുന്ന സൗത്തിയുടെ തീരുമാനത്തെ മുഖ്യപരിശീലകന്‍ ഗാരി സ്റ്റെഡ് അഭിനന്ദിച്ചു. തീരുമാനം ടീമിന് വേണ്ടിയാണെന്നും ടെസ്റ്റില്‍ സൗത്തിയില്ലാത്ത സംഘത്തെ നിലവില്‍ ചിന്തിക്കാനാവില്ലെന്നും സ്റ്റെഡ് വ്യക്തമാക്കി.

നേരത്തെ ശ്രീലങ്കയില്‍ രണ്ട് മത്സരത്തിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ മത്സരിക്കാന്‍ കിവീസ് ടീം ഇന്ത്യയിലെത്തിയിരുന്നു എന്നാല്‍ കനത്ത മഴക്കു പിന്നാലെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു . ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ഈ മാസം 16ന് ബംഗളൂരുവില്‍ തുടക്കമാകും. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 24 മുതല്‍ പുണെയിലും പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നുമുതല്‍ മുംബൈയിലും നടക്കും.

Top