തിരുവനന്തപുരം: പത്തനംതിട്ട എസ്.പി എസ്.സുജിത്ദാസിനെ സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന. പിവി അൻവർ എംഎൽഎ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന് പിന്നാലെയാണ് അച്ചടക്ക നടപടി. തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് ഡിഐജിക്കും തുടർന്ന് സർക്കാരിനും കൈമാറിയിരുന്നു.
തനിക്കെതിരേ നൽകിയ പരാതി പിൻവലിക്കണമെന്ന് പി.വി അൻവറിനോട് ആവശ്യപ്പെടുന്ന എസ്പി എസ്.സുജിത്ദാസിന്റെ ഫോൺ സംഭാഷണം ഏറെ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. വേറെയാരു പരാതി നൽകിയാലും തനിക്കു പ്രശ്‌നമില്ലെന്നും എം.എൽ.എ. പരാതി നൽകിയതുകൊണ്ടാണ് താൻ പിൻവലിക്കാൻ ആവശ്യപ്പെടുന്നതെന്നും സുജിത്ദാസ് പറയുന്നു.
Also Read: എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റും
നിലവിൽ ഒരു പരാതിയുണ്ട്. അത് അന്വേഷിച്ച് നടപടിയായിക്കോട്ടെ. എനിക്കു വേണ്ടി പരാതി പിൻവലിക്കണം. പരാതിയിൽ തുടരാൻ താത്പര്യമില്ലെന്നു പറഞ്ഞ് മെയിലയക്കണം. എന്നെപ്പോലെയുള്ളവനെ ഡി.ഐ.ജി.യോ ഐ.ജി.യോ ഒക്കെയായി സഹിച്ചേപറ്റൂ. ആ ഒരു ബന്ധത്തിന്റെ പേരിലെങ്കിലും കേസ് പിൻവലിക്കണമെന്നും സംഭാഷണത്തിൽ സുജിത്ദാസ് ആവശ്യപ്പെടുന്നു.
ഐപിഎസ് അസോസിയേഷനും സുജിത്ദാസിനെ കൈവിട്ടിരുന്നു. അങ്ങേയറ്റം അച്ചടക്കലംഘനമാണ് സംഭവിച്ചതെന്നായിരുന്നു വിലയിരുത്തൽ. വകുപ്പുതല നടപടി സ്വീകരിക്കട്ടെ എന്ന നിലപാടാണ് അസോസിയേഷൻ സ്വീകരിച്ചത്.