ഗസയിലെ വംശഹത്യ കുറ്റത്തില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേരാന്‍ സ്‌പെയിന്‍ അപേക്ഷ നല്‍കി

ഗസയിലെ വംശഹത്യ കുറ്റത്തില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷി ചേരാന്‍ സ്‌പെയിന്‍ അപേക്ഷ നല്‍കി

ഹേഗ്: ഗസയിലെ വംശഹത്യയില്‍ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനോടൊപ്പം കക്ഷി ചേരാന്‍ സ്പെയിന്‍ അപേക്ഷ നല്‍കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു. കോടതിയുടെ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 63 ഉപയോഗപ്പെടുത്തിയാണ് സ്‌പെയിന്‍ കേസില്‍ കക്ഷിചേരുന്നത്.

കേസില്‍ ദക്ഷിണാഫ്രിക്കക്കൊപ്പം കക്ഷിചേരുമെന്ന് ജൂണ്‍ ആറിന് സ്പെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ നടക്കുന്ന സൈനിക നടപടികളെ തുടര്‍ന്നാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസ് പറഞ്ഞു. ഗസയിലും മിഡില്‍ ഈസ്റ്റിലും സമാധാനം തിരികെവരണം. അത് സാധ്യമാകാന്‍ നമ്മള്‍ എല്ലാവരും കോടതിയില്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ നടക്കുന്ന കേസില്‍ അണിചേരാനായി മെക്‌സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ, പലസ്തീന്‍ അതോറിറ്റി എന്നിവര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഇവര്‍ക്കും കേസില്‍ കക്ഷിചേരാന്‍ സാധിക്കും. ഇതോടെ വിചാരണാവേളയില്‍ രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കാനും വാക്കാലുള്ള പ്രസ്താവനകള്‍ അവതരിപ്പിക്കാനും സാധിക്കും.

ഗസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്കെതിരെ 2023 ഡിസംബര്‍ 29നാണ് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടി ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ജനുവരി 26ന് വംശഹത്യ തടയണമെന്നും ഗസയിലേക്ക് സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇസ്രായേലിനോട് കോടതി താല്‍ക്കാലിക ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. പട്ടിണി ഉള്‍പ്പെടെയുള്ള മാനുഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്ക വീണ്ടും കോടതിയെ സമീപിച്ചു. ഗസയുടെ തെക്കേ അറ്റത്തുള്ള റഫയില്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്നും വംശഹത്യ സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനുള്ള സംഘങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ അനുമതി നല്‍കണമെന്നും മെയ് 26ന് കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മെയില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി സ്പെയിനും നോര്‍വെയും അയര്‍ലന്‍ഡും അംഗീകരിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്ന് ഈ രാജ്യങ്ങള്‍ വ്യക്തമാക്കി. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.

തങ്ങളുടെ രാജ്യങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏക പരിഹാരമാര്‍ഗം പലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. അത്തരമൊരു നടപടിയിലൂടെ അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞു.

നോര്‍വേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു.

Top