ഇസ്രായേലിനെതിരേ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഒപ്പം ചേരാന്‍ സ്പെയിനും

ഇസ്രായേലിനെതിരേ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക  നല്‍കിയ കേസില്‍ ഒപ്പം ചേരാന്‍ സ്പെയിനും
ഇസ്രായേലിനെതിരേ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക  നല്‍കിയ കേസില്‍ ഒപ്പം ചേരാന്‍ സ്പെയിനും

മാഡ്രിഡ്: ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ച വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ സ്പെയിനും. ഗസയിലെ പലസ്തീനികളോട് ഇസ്രായേല്‍ ചെയ്യുന്നത് യു.എന്നിന്റെ വംശഹത്യ കണ്‍വന്‍ഷന്‍ ഉടമ്പടികളുടെ നഗ്നമായ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ലോകകോടതിയില്‍ ദ. ആഫ്രിക്ക പരാതി നല്‍കിയത്. സ്പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ സൈനികനടപടിയുടെ പശ്ചാത്തലത്തില്‍ കേസില്‍ പങ്കാളിയാവാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

ഐർലൻഡിന് ശേഷം കേസിൽ കക്ഷി ചേരുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്പെയിൽ. മെക്സിക്കോയും ചിലിയും കേസിൽ നേരത്തേ കക്ഷി ചേർന്നിരുന്നു.

സംഘര്‍ഷം പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്കയോടെ കാണുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇത്തരമൊരു തീരുമാനം. യുദ്ധത്തിന് അന്ത്യം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ചര്‍ച്ചകള്‍ പുരോഗമിക്കണം- അല്‍ബാരെസ് പറഞ്ഞു.

ഗസ വിഷയത്തില്‍ ഇസ്രായേലിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് സ്പെയിന്‍. ഒരാഴ്ച മുമ്പാണ് നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നിവര്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചത്. ഇസ്രായേലിന്റേത് ഭീകരപ്രവര്‍ത്തനമാണെന്നും അംബാസഡര്‍മാരെ പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു.

പലസ്തീനെ അംഗീകരിച്ചതിനു പിന്നാലെ ജറൂസലേമിലെ സ്പാനിഷ് കോണ്‍സുലേറ്റിനു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. കോണ്‍സുലേറ്റ് ജീവനക്കാരും പലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിലുള്ള നയതന്ത്ര ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇസ്രായേല്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെ തള്ളി സ്പെയിന്‍ തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പങ്കുചേരാനുള്ള തീരുമാനം.

ജനുവരിയിലാണ് ഐ.സി.ജെയില്‍ ഇസ്രായേലിനെതിരേ ദക്ഷിണാഫ്രിക്ക പരാതി നല്‍കിയത്. അന്തിമ വിധിക്ക് കാലങ്ങള്‍ എടുത്തേക്കും.

Top