വെള്ളിയാഴ്‌ച അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്‌പീക്കർ

വെള്ളിയാഴ്‌ച അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്‌പീക്കർ
വെള്ളിയാഴ്‌ച അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കുന്നതിനു കൂടുതൽ സമയം കിട്ടാൻ വെള്ളിയാഴ്ചകളിൽ ശൂന്യവേളകളിൽനിന്ന് അടിയന്തര പ്രമേയം ഒഴിവാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നു സ്‌പീക്കർ എ.എൻ.ഷംസീർ. മറ്റു സംസ്ഥാനങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലാണു പരിഗണിക്കുന്നതെന്നു പ്രതിപക്ഷത്തെ പി.സി. വിഷ്ണുനാഥ് പറഞ്ഞു. സമാന മാതൃക സ്വീകരിച്ചു വെള്ളിയാഴ്ചയൊഴിച്ചുള്ള ദിവസങ്ങളിൽ അനൗദ്യോഗിക ബില്ലുകൾ പരിഗണിക്കണമെന്നും വിഷ്ണു‌നാഥ് നിർദേശിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായം പറഞ്ഞില്ല.

വെള്ളിയാഴ്‌ചകളിൽ സഭ ഉച്ചയ്ക്ക് 12.30നു പിരിയുന്നതാണ് കീഴ്വഴക്കം. രാവിലെ 9നു സഭ ചേർന്ന് ഒരു മണിക്കൂർ ചോദ്യോത്തര വേളയാണ് ആദ്യം. 10ന് അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതോടെ ശൂന്യവേള തുടങ്ങും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് അടിയന്തര പ്രമേയ നോട്ടിസായി അവതരിപ്പിക്കപ്പെടുക. വെള്ളിയാഴ്‌ച ഒഴിവാക്കിയാൽ അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിന് ആഴ്‌ചയിൽ 4 ദിവസം മാത്രമേ ലഭിക്കൂ. ഇതു പ്രതിപക്ഷത്തിനു കൂടുതൽ ജനകീയ വിഷയങ്ങൾ സഭയിലെത്തിക്കുന്നതിനു തടസ്സമാകുമെന്ന വിമർശനവുമുണ്ട്.

Top