തിരുവനന്തപുരം: ഭൂമി ഇടപാടില്‍ ഡി.ജി.പിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്, വില്പനക്കരാറില്‍ നിന്ന് പിന്നോക്കം പോയത് ഉമര്‍ ഷെരീഫ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് കണ്ട് മുന്‍കൂറായി നല്കിയ തുക തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഡി.ജി.പി. വഴങ്ങിയില്ലെന്നും വില്പനക്കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ജി.പി. ഭൂമി വില്ക്കാന്‍ ശ്രമിച്ചിരുന്നു. വില്പന വിവരം അറിഞ്ഞാണ് ഉമര്‍ ഷെരീഫ് എത്തിയത്. അതിന് ശേഷം 74 ലക്ഷം രൂപയ്ക്ക് വില്പനക്കരാര്‍ ഉണ്ടാക്കി. പിന്നീട് ഈ ഭൂമിയില്‍ ഉമര്‍ ഷെരീഫ് മതില്‍ നിര്‍മ്മിക്കുകയും ഇത് പ്രോപ്പര്‍ട്ടിയായി വില്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഉദ്ദേശിച്ച വില കിട്ടില്ല എന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഇടപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉമര്‍ ഷെരീഫ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ നല്‍കിയ 30 ലക്ഷം തിരികെ ചോദിച്ചു. എന്നാല്‍ ഇതിന് ഡി.ജി.പി. തയ്യാറായില്ല. വില്പനയുമായിത്തന്നെ മുമ്പോട്ട് പോകണം എന്ന നിലപാടിലായിരുന്നു ഡി.ജി.പി. ഇതാണ് തര്‍ക്കത്തിലേക്കും പരാതിയിലേക്കും നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭൂമിയുടെ മേല്‍ ബാങ്കില്‍ ബാധ്യതയുണ്ട് എന്ന് ഡി.ജി.പി. മറച്ചുവെച്ചു എന്ന് ഉമര്‍ ഷെരീഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ നിന്നെടുത്തത് വിദ്യാഭ്യാസ വായ്പ ആയിരുന്നു. കൊളാട്രല്‍ സെക്യൂരിറ്റി ആയിട്ടാണ് വസ്തുവിന്റെ ആധാരം ബാങ്കില്‍ നല്‍കിയിരുന്നത്. ഇത് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കുകയും വില്പനയുടെ ഭാഗമായി രേഖാ നടപടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ബാധ്യതയായി കരാറില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും കുഴപ്പമില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില്പനയുമായി ബന്ധപ്പെട്ട് പ്രാഥമിക കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂറായി അഞ്ച് ലക്ഷം രൂപ ഡി.ജി.പിക്ക് നേരിട്ട് കൈമാറി എന്നായിരുന്നു പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം ഡി.ജി.പി. നിഷേധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കൂറായി കൈപ്പറ്റിയ പണം തിരികെ നല്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം.