കോഴിക്കോട്: ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത്. അപകടകരമായ രീതിയില്‍ ഇപ്പോഴും അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതുസമയത്തും ഒരു പ്രകൃതി ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഇനിയിത്തരം ദുരന്തരങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകള്‍ വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
വി ഡി സതീശന്റെ വാക്കുകളുടെ പൂര്‍ണ്ണരൂപം:
ഈ സ്ഥലത്തേക്ക് ഇനി ആളുകളെ കൊണ്ടുപോകരുത്. പരമാവധി ആളുകള്‍ക്ക് ഒന്നിച്ചു താമസിക്കാന്‍ പറ്റണം. അപകടകരമായ രീതിയില്‍ ഇപ്പോഴും അവിടെ താമസിക്കുന്നവരെ റീലൊക്കേറ്റ് ചെയ്യണം. ചില വീട്ടില്‍ കുഞ്ഞുങ്ങള്‍ മാത്രമേ ഉള്ളൂ, ചിലവീടുകളില്‍ പ്രായമായവര്‍ മാത്രമാണ്, ചിലവീടുകളിലാവട്ടെ വരുമാനം ഉണ്ടാക്കുന്ന ആള്‍ പോയി. ലോണ്‍ അടയ്കാനുള്ളവരുണ്ട്. മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.
കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ പറ്റും. ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ല. ഇനിയിത്തരം ദുരന്തം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ക്ലൈമറ്റ് ചെയ്ഞ്ച് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് വേണം. ഏര്‍ളി വാര്‍ണിങ് സിസ്റ്റം നടപ്പാക്കണം. ഏതുസമയത്തും ഒരു ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. വലിയ നാശനഷ്ടമാണ് അവിടെ ഉണ്ടായത്.