തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഉടന്‍ പ്രതിഫലം നല്‍കുന്നതിനായി പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 6 കോടി 32 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. 25000ലേറെ എസ്പിഒമാരെയാണ് തിരഞ്ഞെടുപ്പിന് നിയോഗിച്ചിരുന്നത്. 1300 രൂപയായിരുന്നു ഇവര്‍ക്കുള്ള പ്രതിദിന വേതനം. രണ്ട് ദിവസം ഡ്യൂട്ടി ചെയ്ത ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 2600 രൂപ പക്ഷെ ലഭിച്ചിരുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ് പ്രശ്‌നത്തിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയായിരുന്നു സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ നിയോഗിച്ചത്. കമ്മീഷന്റെ നിര്‍ദ്ദേശവും പൊലീസ് പാലിച്ചില്ല. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഫലം അനുവദിക്കാനാവില്ലെന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഇതോടെ പ്രതിഫല വിതരണം പ്രതിസന്ധിയാവുകയായിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 36 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ പ്രതിഫലമായി ആകെ കൊടുക്കാനുണ്ടായിരുന്നത് ആറരക്കോടിയിലധികം രൂപയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍സിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് എസ്പിഒ ഡ്യൂട്ടിയിലുണ്ടായിരുന്നത്. പണം അനുവദിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് 2600 രൂപവീതം ലഭിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പൊലീസ് ഫണ്ടില്‍ നിന്നും അറ് കോടിയിലധികം രൂപയാണ് നഷ്ടമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബൂത്തില്‍ വിതരണം ചെയ്തിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസമായിട്ടും കിട്ടാത്തതിരുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍പ്പെട്ട വിദ്യാര്‍ത്ഥികളും സര്‍വീസില്‍ നിന്ന് വിരമിച്ച ഭടന്മാരുമെല്ലാം ഇത്തവണ തിരഞ്ഞെടുപ്പിന് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി ജോലി ചെയ്തിരുന്നു.