സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ‘സ്പെൻ’ മരിച്ചു

സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ‘സ്പെൻ’ മരിച്ചു
സ്വവർഗാനുരാഗികളായ പെൻഗ്വിൻ കമിതാക്കളിൽ ‘സ്പെൻ’ മരിച്ചു

ഓസ്‌ട്രേലിയയിലെ സീ ലൈഫ് സിഡ്‌നി അക്വേറിയത്തിലെ സ്വവര്‍ഗാനുരാഗികളായ പെൻഗ്വിനുകളാണ് സ്‌പെന്‍-മാജിക് എന്നിവ. ജെന്‍ടൂ പെന്‍ഗ്വിന്‍ ഇനത്തില്‍ പെട്ട സ്‌പെന്നും മാജിക്കും തമ്മില്‍ ഇഷ്ടത്തിലാണെന്ന് 2018-ലാണ് അക്വേറിയം ജോലിക്കാര്‍ മനസിലാക്കുന്നത്. ഇണകളെ കാണുമ്പോള്‍ ചെയ്യാറുള്ളതുപോലെയാണ് അവര്‍ പരസ്പരം കാണുമ്പോള്‍ സംബോധന ചെയ്യുന്നത് എന്നാണ് ജീവനക്കാര്‍ കണ്ടെത്തിയത്. പെന്‍ഗ്വിനുകള്‍ അന്യോന്യം താല്‍പര്യം അറിയിക്കുന്നതുപോലെ, പരസ്പരം കാണുമ്പോള്‍ തലതാഴ്ത്തിയാണ് ഇരുവരും അഭിസംബോധന ചെയ്തിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സ്‌പെന്നും മാജിക്കും ലോകത്ത് ശ്രദ്ധയാകർഷിച്ചത്.

രണ്ട് ആണ്‍ പെന്‍ഗ്വിനുകള്‍ തമ്മിലുള്ള പ്രണയത്തിൽ മൂന്ന് വര്‍ഷത്തിനിടെ രണ്ട് മുട്ടകളും വിരിയിച്ചു. 2018-ല്‍ ലാറയേയും 2020-ല്‍ ക്ലാന്‍സിയേയും അവര്‍ വിരിയിച്ചെടുത്തു. ശക്തരായ സ്വവര്‍ഗപങ്കാളികള്‍ എന്നാണ് ലോകം മുഴുവന്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്. ന്യൂ സൗത്ത് വെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷനില്‍ സ്‌പെന്നിനെയും മാജിക്കിനെയും സംബന്ധിച്ച പാഠഭാഗം കൂട്ടിച്ചേര്‍ക്കപ്പെട്ടു. പ്രശസ്തമായ മാര്‍ഡി ഗ്രാസ് ഫ്‌ലോട്ടിലും അവര്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു.

എടിപിക്കല്‍ (Atypical | Clip: Penguins Mate For Life | Netflix) എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസില്‍ അവരുടെ ജീവിതവും ഉള്‍പെടുത്തി. രാജ്യാന്തര ടെലിവിഷന്‍ ചാനലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും അവരെപ്പറ്റി ഡോക്യുമെന്ററികള്‍ വന്നു. മുട്ടയ്ക്ക് അടയിരിക്കുന്ന സമയത്ത് അവര്‍ അടുത്ത് നിന്നും മാറുമായിരുന്നില്ല. ഒരാള്‍ അടയിരിക്കുമ്പോള്‍ മറ്റേയാള്‍ കല്ലുകളും മറ്റും ശേഖരിച്ചുകൊണ്ടുവരും. കൂടിനകത്തും പുറത്തും അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. പ്രണയകാലത്തും ഗര്‍ഭകാലത്തും ഏകഭാര്യത്വം പാലിക്കുമെങ്കിലും അതിനുശേഷം മറ്റ് ഇണകളെ തേടി പോകാറുള്ളവരാണ് ജെന്‍ടൂ പെന്‍ഗ്വിനുകള്‍. എന്നാല്‍ സ്‌പെന്നും മാജിക്കും അങ്ങനെയായിരുന്നില്ല. 2018-ല്‍ പ്രണയം തുടങ്ങിയപ്പോള്‍ മുതല്‍ ഇക്കഴിഞ്ഞ കാലമത്രയും അവര്‍ ഒരുമിച്ചായിരുന്നു.

ആറുവര്‍ഷം നീണ്ട പ്രണയത്തിന് തിരശീലയിട്ടാണ് സ്‌പെൻ ലോകത്തോട് വിടവാങ്ങിയത്. 12 മുതല്‍ 13 വര്‍ഷം വരെയാണ് ജെന്‍ടൂ പെന്‍ഗ്വിനുകളുടെ ശരാശരി ആയുസ്. 12 വയസ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്‌പെന്‍ മരിച്ചത്.

Top