ഏക സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്താൽ പങ്കാളികൾക്ക് സംരക്ഷണം നൽകണം; ഉത്തരാഖണ്ഡ് ഹൈക്കോടതി

ഏക സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്താൽ പങ്കാളികൾക്ക് സംരക്ഷണം നൽകണം; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഏക സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്താൽ പങ്കാളികൾക്ക് സംരക്ഷണം നൽകണം; ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാൾ: ഏക​ സിവിൽ കോഡ് പ്രകാരം 48 മണിക്കൂറിനുള്ളിൽ ബന്ധം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഇരു മതത്തിലുള്ള ലിവിങ് ടുഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് ഇതുവരെ പ്രാബല്യത്തിൽ വരാത്തതിനാൽ കോടതി ഉത്തരവ് നിയമ വിദഗ്ധരെയടക്കം അമ്പരപ്പിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ മനോജ് കുമാർ തിവാരി, പങ്ക്ജ് പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പങ്കാളികൾ സമർപ്പിച്ച ഹർജി തീർപ്പാക്കിയത്. ഇവർ യു.സി.സി പ്രകാരം 48 മണിക്കൂറിനുള്ള ബന്ധം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയാൽ ആറാഴ്ചത്തേക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.

അതേസമയം, ഏക സിവിൽ കോഡ് ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടി​ല്ലെന്ന കാര്യം കേസിൽ സർക്കാറിന് വേണ്ടി ഹാജരായ ജൂനിയർ അഭിഭാഷകന് അറിയില്ലെന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്ന് മുതിർന്ന സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. യു.സി.സിയുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി വീണ്ടും ഉത്തരവിറക്കും. കൂടാതെ പങ്കാളികൾക്ക് സുരക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിവിങ് റിലേഷൻഷിപ്പിലുള്ള 26കാരിയായ ഹിന്ദു യുവതിയും 21കാരനായ മുസ്ലിം യുവാവുമാണ് സംരക്ഷണത്തിനായി അപേക്ഷ നൽകിയത്. ഇരുവരുടെയും കുടുംബത്തിൽനിന്ന് ഭീഷണിയുള്ളതിനാലാണ് ഇവർ കോടതിയെ സമീപിച്ചത്.

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ കഴിഞ്ഞ ​ഫെബ്രുവരി ഏഴിനാണ് ഏക സിവിൽ കോഡ് ബില്ല് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്. മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമായി. രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ, സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കാത്തതിനാൽ ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ഭൂ​മി, സ്വ​ത്തു​ക്ക​ൾ, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം എ​ന്നി​വ​യി​ൽ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും തുല്യ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്ന് ​സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭ​ര​ണ​ഘ​ട​ന​യു​​ടെ 21ാം ഭാ​ഗ​മ​നു​സ​രി​ച്ച് ആ​ചാ​ര​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

ബി​ൽ പ്ര​കാ​രം വി​വാ​ഹ​വും ലി​വ് ഇ​ൻ ബ​ന്ധ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ ഒ​രു മാ​സ​ത്തി​ന​കം ത​ങ്ങ​ളു​ടെ താ​മ​സ പ​രി​ധി​യിലെ ര​ജി​സ്ട്രാ​ർ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു​മി​ച്ച് ക​ഴി​യു​ന്ന​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല.

Top