CMDRF

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ; മരണസംഖ്യ 47 ആയി ഉയര്‍ന്നു

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ; മരണസംഖ്യ 47 ആയി ഉയര്‍ന്നു
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ; മരണസംഖ്യ 47 ആയി ഉയര്‍ന്നു

കൽപ്പറ്റ: ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്. പുഴയിലൂടെ ചാലിയാര്‍ മുണ്ടേരിയില്‍ ഏഴ് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. വീടുകൾ ഒലിച്ചുപോയി. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. 70 ലധികം ആളുകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അട്ടമലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് പേരുടെ മൃതദേങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ട്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാർമല സ്‌കൂൾ ഒന്നാകെ മണ്ണിനടിയിലായി.

സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണർന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ പലരും മണ്ണിനടിയിലായി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്.

പാലം തകർന്നതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പോലീസും ഫയർഫോഴ്സും ജനപ്രതിനിധികളും നിലവിൽ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.

Top