CMDRF

പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകി ശ്രീജേഷ്

പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകി ശ്രീജേഷ്
പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകി ശ്രീജേഷ്

ദില്ലി: ഇന്ത്യയുടെ ഒളിംപിക് താരങ്ങൾക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ നൽകിയ സ്വീകരണത്തിൽ മലയാളി താരം ശ്രീജേഷിനോട് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്സിനൊടുവിൽ വിരമിക്കുമെന്ന് ഒളിംപിക്സിന് തൊട്ടു മുമ്പായിരുന്നു ശ്രീജേഷ് പ്രഖ്യാപിച്ചത്. ഇതിനെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ശ്രീജേഷിനോട് നേരിട്ട് ചോദിച്ചത്.

ഒളിംപിക് സെമിയിൽ ജർമനിയോട് പൊരുതി തോറ്റ ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ തോൽപ്പിച്ച് ശ്രീജേഷിന് മെഡൽ തിളക്കത്തോടെ യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിരമിക്കലിനെക്കുറിച്ച് ചിന്തയുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞു. എന്തിന് എൻറെ ടീം അംഗങ്ങൾ പോലും പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്, എപ്പോഴാണ് വിരമിക്കുന്നതെന്ന് ശ്രീജേഷ് അത് പറഞ്ഞപ്പോൾ പ്രധാനമന്ത്രിയും ചിരിച്ചു.

എന്നാൽ വലിയൊരു വേദിയിൽ വിരമിക്കണമെന്നായിരുന്നു എൻറെ ആഗ്രഹം. ഒളിംപിക്സ് പോലെ ലോകം മുഴുവൻ സ്പോർട്സിനെ ആഘോഷിക്കുന്ന ഒളിംപിക്സ് വേദിയോളം മറ്റൊരു വേദിയില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഒളിംപിക്സ് തന്നെ വിരമിക്കൽ വേദിയായി തെരഞ്ഞെടുത്തത്. എന്നാൽ ഇടക്ക് ഇടപെട്ട പ്രധാനമന്ത്രി ശ്രീജേഷിൻറെ സാന്നിധ്യം ടീം ശരിക്കും മിസ് ചെയ്യുമെന്നും എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീതും സംഘവും ശ്രീജേഷിന് ഉചിതമായ യാത്രയയപ്പാണ് നൽകിയതെന്ന് ഓർമിപ്പിച്ചു.

തനിക്ക് മെഡലോടെ യാത്രയയപ്പ് നൽകിയതിൽ ടീം അംഗങ്ങളോട് ശ്രീജേഷ് നന്ദി പറഞ്ഞു. ഇത് സ്വപ്നമെന്നെ പറയാനാകു. കാരണം, ഞങ്ങൾ സെമിയിൽ തോറ്റപ്പോൾ ആകെ തകർന്നുപോയിരുന്നു. കാരണം, ഫൈനലിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്നാൽ വെങ്കല മെഡൽ മത്സരത്തിന് മുമ്പ് എല്ലാവരും പറഞ്ഞത് ശ്രീജേഷിന് വേണ്ടി മെഡൽ നേടണമെന്നായിരുന്നു. അതുകൊണ്ട് തന്നെ ഇതെൻറെ ജീവിതത്തിലെയും കരിയറിലെയും അഭിമാന നിമിഷമാണ്. പോഡിയത്തിൽ കയറിതന്നെ യാത്രയയപ്പ് നൽകിയതിൽ ടീം അംഗങ്ങളോട് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പറഞ്ഞു. ഇന്ന് ഉച്ചക്ക് കൊച്ചിയിലെത്തുന്ന ശ്രീജേഷിന് ജന്മനാട്ടിലും വലിയ സ്വീകരണമാണ് ഒരുക്കയിരിക്കുന്നത്.

Top