അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്നത് തന്ത്രപരമായ നീക്കമാണ്. സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ് ഓഫീസറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയെ ബി.ജെ.പിയിലെത്തിച്ചതും ഇതിന്റെ ഭാഗമാണ്. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ശ്രീലേഖയെ പരിഗണിക്കാന്‍ പദവികള്‍ നിരവധിയുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് മേയറാക്കുക എന്നതാണ് ബി.ജെ.പി കാണുന്ന ഒരു ലക്ഷ്യം. നിലവില്‍ തിരുവനന്തപുരം നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ഇത്തവണ എന്തായാലും ഭരണം പിടിക്കുമെന്ന വാശിയിലാണുള്ളത്.
തലസ്ഥാന നഗരത്തിലെ മേയര്‍ എന്ന് പറയുന്നത് ഏറെ പ്രാധാന്യമുള്ള തസ്തിക ആയതിനാല്‍ ശ്രീലേഖയെ പോലുള്ള ഒരു വനിത ആ പദവിയില്‍ എത്തിയാല്‍ അത് സ്ത്രീകള്‍ക്കിടയില്‍ ബി.ജെ.പിക്ക് പിന്തുണ കൂടാന്‍ കാരണമാകുമെന്നാണ് ബി.ജെ.പിയിലെ പ്രബല വിഭാഗം കരുതുന്നത്. പാലക്കാട് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പിലും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആവശ്യമെങ്കില്‍ ശ്രീലേഖയെ മത്സരിപ്പിക്കാനും ബി.ജെ.പിക്ക് ഇനി കഴിയും. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലെ ശോഭാ സുരേന്ദ്രന്‍ വിരുദ്ധര്‍, ശോഭയ്ക്ക് ഒരു ബദലായി ശ്രീലേഖയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരോട് പ്രത്യേക കരുതല്‍ കാണിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ദോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കിയതും മറ്റൊരു കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്‍.എന്‍ രവിയെ തമിഴ്‌നാട് ഗവര്‍ണറാക്കിയതും നരേന്ദ്ര മോദിയാണ്. ഇതേ മോദി തന്നെയാണ് രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറായിരുന്ന കിരണ്‍ ബേദിയെ മുന്‍പ് പോണ്ടിച്ചേരി ഗവര്‍ണറാക്കിയിരുന്നതെന്നതും നാം മറന്നുപോകരുത്. അതായത്, ശ്രീലേഖയെ കാത്തുനില്‍ക്കുന്നത് വലിയ പദവികള്‍ തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാവേണ്ടതില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വസതിയിലെത്തിയാണ് അംഗത്വം നല്‍കിയിരിക്കുന്നത്. അതിനുമുന്‍പ് കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയും സംസ്ഥാന നേതൃത്വം തേടിയിട്ടുണ്ട്. കേരള ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ രണ്ടുവര്‍ഷം മുന്‍പാണ് അവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീലേഖയുമായി ബന്ധപ്പെട്ട് വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി പ്രവേശനത്തിന് തീരുമാനിച്ചതെന്ന് ശ്രീലേഖയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപിയെ ഇഷ്ടമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നുമാണ് ശ്രീലേഖ പറഞ്ഞിരിക്കുന്നത്.
മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബിജെപി പാളയത്തിലേക്ക് എത്തിയിരുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും സംഘപരിവാറിന്റെ വിവിധ പരിപാടികളില്‍ സജീവ സാന്നിധ്യമാണ് ഇപ്പോഴും സെന്‍കുമാര്‍. ഒരു ഘട്ടത്തില്‍ സെന്‍കുമാര്‍ ബിജെപിക്കായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നത്. ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തില്‍ നിന്ന് ജേക്കബ് തോമസ് മത്സരിച്ചെങ്കിലും 33,685 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയിരുന്നു.
എന്നാല്‍, ശ്രീലേഖ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഓഫീസര്‍ എന്ന നിലയിലുള്ള സ്വീകാര്യത ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഉറപ്പായും വിജയിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന കോര്‍പ്പറേഷനാണ് തിരുവനന്തപുരം. അതുപോലെ തന്നെ, ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തും, ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തുമാണ്. ഈ 20 സീറ്റുകള്‍ ലക്ഷ്യമിട്ട പ്രവര്‍ത്തനമാണ് ബി.ജെ.പി നടത്തുന്നത്.
ഉടന്‍ നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് പ്രതീക്ഷകള്‍ ഏറെയാണ്. പാലക്കാട് ശ്രീലേഖയെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. ഇനി പ്രിയങ്ക ഗാന്ധിക്ക് എതിരായി വയനാട്ടില്‍ ശ്രീലേഖ മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. അഥവാ അവര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കില്‍ പോലും പാലക്കാടും വയനാട്ടിലും താര പ്രചാരകയായി ഈ മുന്‍ ഐ.പി.എസ് ഓഫീസര്‍ കളത്തിലുണ്ടാകും. അതാകട്ടെ, വ്യക്തവുമാണ്. ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാലക്കാട് മൂന്ന് മുന്നണികളും പ്രവര്‍ത്തകരെ സജ്ജമാക്കാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവും ശക്തമായ ത്രികോണമത്സരം നടക്കാന്‍ പോകുന്നതും പാലക്കാട് തന്നെയായിരിക്കും. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയ സ്ഥാനാര്‍ത്ഥിയായിട്ട് പോലും 3,859 വോട്ടുകള്‍ക്ക് മാത്രമാണ് ഷാഫി പറമ്പിലിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഷാഫിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി തൊട്ടുപിന്നില്‍ വന്നിരുന്നത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മെട്രോമാന്‍ ശ്രീധരനാണ്. ഷാഫി പറമ്പില്‍ 54,079 വോട്ടുകള്‍ നേടിയപ്പോള്‍ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സി.പി.എമ്മിലെ സി.പി പ്രമോദിനാകട്ടെ 36,433 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.
2016 ല്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചിരുന്നത്. 57,559 വോട്ടുകളാണ് ആ തിരഞ്ഞെടുപ്പില്‍ ഷാഫിക്ക് ലഭിച്ചിരുന്നത്. 40,076 വോട്ട് നേടി ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ രണ്ടാമതെത്തിയ തിരഞ്ഞെടുപ്പ് കൂടിയാണത്. സിപിഎമ്മിന്റെ എന്‍.എന്‍ കൃഷ്ണദാസിന് ലഭിച്ചത് 38,675 വോട്ടുകളാണ്. അന്നും പാലക്കാട് സി.പി.എം മൂന്നാമത് തന്നെയാണ് എത്തിയിരുന്നത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരിക്കെ 2011-ലെ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാലക്കാട് മണ്ഡലം പിടിച്ചെടുത്തത്. പിന്നെ ഷാഫി തോല്‍വി അറിഞ്ഞിട്ടില്ല.
ഷാഫി മത്സര രംഗത്തില്ലാതെ നടക്കുന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ച് അഗ്‌നിപരീക്ഷണമാണ്. ചുവപ്പ് കോട്ടയായ ചേലക്കര നിലനിര്‍ത്തുന്നതോടൊപ്പം തന്നെ പാലക്കാട് വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുക എന്നതും ഇടതുപക്ഷത്തിന്റെ സ്ട്രാറ്റര്‍ജിയാണ്. ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇതിനായി സി.പി.എം രംഗത്തിറക്കും. അതായത്, ഇടതുപക്ഷത്ത് നിന്നും ഒരു വോട്ട് ചോര്‍ച്ച ഇത്തവണ എന്തായാലും കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കേണ്ടതില്ല.
നടക്കാന്‍ പോകുന്നത് ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ മത്സരത്തിന്റെ വീര്യവും കൂടും. ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ ശ്രീലേഖ ബി.ജെ.പിക്ക് വേണ്ടി രംഗത്തിറങ്ങിയാല്‍ സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയിലെ പ്രബല വിഭാഗമുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വമാണ് സ്വീകരിക്കുക.
വീഡിയോ കാണാം
Express View