സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് വിജയത്തോടെ മടക്കം. ഗ്രൂപ്പ് ഡിയില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 83 റണ്‍സിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ നേപ്പാളിനെ വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് യോഗ്യത നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് ലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചുകൂട്ടി. 46 റണ്‍സ് വീതമെടുത്ത കുശാല്‍ മെന്‍ഡിസിന്റെയും ചരിത് അസലെങ്കയുടെയും ഇന്നിങ്സാണ് ലങ്കയ്ക്ക് കരുത്തായത്. ധനഞ്ജയ ഡി സില്‍വ 34 റണ്‍സും ഏഞ്ചലോ മാത്യൂസ് പുറത്താവാതെ 30 റണ്‍സുമെടുത്തു. നെതര്‍ലന്‍ഡ്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതര്‍ലാന്‍ഡ്‌സ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. 16.4 ഓവറില്‍ 118 റണ്‍സിന് ഡച്ചുപട കൂടാരം കയറി. 31 റണ്‍സ് വീതമെടുത്ത മൈക്കല്‍ ലെവിറ്റ്, ക്യാറ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ലങ്കയ്ക്കായി നുവാന്‍ തുഷാര മൂന്നും ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ, മതീഷ പതിരാന എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.