CMDRF

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ അനുര കുമാര ദിസനായകേ

2022ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്

ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ അനുര കുമാര ദിസനായകേ
ശ്രീലങ്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ അനുര കുമാര ദിസനായകേ

കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നു. പോസ്റ്റൽ വോട്ടുകളിൽ നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകേ മുന്നിൽ. 65ശതമാനം വോട്ടുകളാണ് അനുരയ്ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്താകെ ഏർപ്പെടുത്തിയ കർഫ്യൂ ഉച്ചയ്ക്ക് 12 മണിവരെ നീട്ടി. 2022ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 75 ശതമാനമായിരുന്നു പോളിങ്. 2019ൽ ഇത് 83.72 ശതമാനമായിരുന്നു. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഉള്‍പ്പെടെ 38 സ്ഥാനാര്‍ത്ഥികളാണുണ്ടായിരുന്നത്. 2019ലും 38 പേരായിരുന്നു ജനവിധി തേടിയത്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയായിരുന്നു പോളിങ് നടന്നത്. 1.70 ലക്ഷം വോട്ടർമാരാണ് ശ്രീലങ്കയിലുള്ളത്.

ഇത്തവണ 39 പേര്‍ മത്സര രം​ഗത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരാള്‍ മരിച്ചുപോവുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സ്ഥാനാര്‍ത്ഥികളായി സ്ത്രീ സാന്നിധ്യമില്ല. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥി. മാസങ്ങളോളം നീണ്ട സാമ്പത്തിക അനിശ്ചിതത്തില്‍ നിന്ന് ശ്രീലങ്കയെ പതിയെ കരകയറ്റാന്‍ സാധിച്ചുവെന്ന അവകാശവാദവുമായാണ് റെനില്‍ വിക്രമസിംഗെ ജനവിധി തേടിയത്.

ശ്രീലങ്ക പൊതുജന പെരമുന നേതാക്കളായ മഹിന്ദ രാജാപക്‌സെയും ഗോദാബായ രാജപക്‌സെയും ഇത്തവണ മത്സര രംഗത്തില്ല. മഹിന്ദയുടെ മൂത്ത മകന്‍ നമലാണ് ഇത്തവണ പൊതുജന പെരമുനയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. നിലവില്‍ പാര്‍ലമെന്റ് അംഗമാണ് നമല്‍. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസയായിരുന്നു മത്സര രംഗത്തുള്ള മറ്റൊരു പ്രമുഖന്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ ഗോദാബായ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ 41.99 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയത് സജിത് പ്രേമദാസയായിരുന്നു.

Top