കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജരുടെ നേതാവ് ആര്‍. സംപന്തന്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. തമിഴരുടെ സമാധാനത്തിനും നീതിക്കും വേണ്ടി നിരന്തരം പോരാടിയ രാഷ്ട്രീയ നേതാവായിരുന്നു. 91 വയസിലാണ് അന്ത്യം.
2004 മുതല്‍ രാജ്യത്തെ തമിഴരുടെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് നാഷനല്‍ അലയന്‍സിനെ നയിക്കുന്നത് അദ്ദേഹമാണ്. ശ്രീലങ്കയില്‍ പ്രധാന പ്രതിപക്ഷ നേതാവാകുന്ന രണ്ടാമത്തെ തമിഴ് വംശജനാണ് സംപന്തന്‍. 2015ല്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2019 വരെ പുതിയ ഭരണഘടനയുടെ കരട് രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
അഭിഭാഷകന്‍ കൂടിയായ അദ്ദേഹം കിഴക്കന്‍ തുറമുഖ ജില്ലയായ ട്രിങ്കോമാലിയില്‍നിന്നാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്വയംഭരണത്തിനായുള്ള തമിഴ് വംശജരുടെ ആവശ്യത്തിന് ചര്‍ച്ചകളിലൂടെ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നേതൃത്വം നല്‍കിയിരുന്ന മിതവാദിയായിരുന്നു സംപന്തന്‍. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിങ്കെ അനുശോചിച്ചു.