ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ‘ആവേശം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയതു പോലെ തന്നെ പാട്ടുകളും ഏവരും ഏറ്റെടുത്തു. ‘ആവേശ’ത്തിലെ ‘ജാഡ’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. പാട്ടിന്റെ ബീറ്റ് പോലെ തന്നെ വ്യത്യസ്തവും രസകരവുമാണ് ശ്രീനാഥ് ഭാസിയുടെ ശബ്ദം. അതേസമയം, ‘ജാഡ’എന്ന പാട്ട് പാടാന്‍ ശ്രീനാഥ് ഭാസി തന്നെ വേണമായിരുന്നുവെന്നാണ് സുഷിന്‍ പറയുന്നത്. ആവേശം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിനിമയിലെ പാട്ടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
‘എട്ട് പാട്ട് ചെയ്യാന്‍ 25 ദിവസമാണ് ജിത്തു തന്നത്. രണ്ട് ദിവസത്തിലൊരു പാട്ട് ചെയ്യുക. ജിത്തു ദിവസവും വരും ഞാന്‍ അകത്തിരുന്ന് ചെയ്യും അദ്ദേഹം പുറത്ത് ബുക്ക് വായിച്ചിരിക്കും. വിനായകുമായി മുന്‍പും വര്‍ക്ക് ചെയ്തതുകൊണ്ട് അത് നല്ല കോമ്പിനേഷനായി തോന്നി. വിനായക് ആണ് ഈ സിനിമയിലെ എല്ലാ പാട്ടും എഴുതിയിരിക്കുന്നത്. രോമാഞ്ചത്തില്‍ ചെയ്ത പോലുള്ള ട്രാക്കല്ല ആവേശത്തിലേത്. അതുകൊണ്ടുതന്നെ പാട്ടുകളിലെല്ലാം പുതിയ ശബ്ദങ്ങള്‍ വേണമെന്നുമുണ്ടായിരുന്നു’, സുഷിന്‍ ശ്യാം പറഞ്ഞു.
ഈ സിനിമയിലെ ആല്‍ബത്തില്‍ ഞാന്‍ അങ്ങനെ പാടിയിരിക്കുന്നത് വളരെ കുറവാണ്. ഒരോ ശബ്ദത്തിന്റെ പ്രത്യേകതകളനുസരിച്ചാണ് ഞങ്ങള്‍ ആളുകളെ തിരഞ്ഞെടുത്തത്. ഭാസിയെക്കൊണ്ട് ജാഡ പാടിക്കണം എന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നു. ഭാസിയുടെ ജാഡ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ശബ്ദമല്ലാതെ എന്റെ മനസില്‍ മറ്റൊരു ശബ്ദം വരുന്നുണ്ടായിരുന്നില്ല. അങ്ങനെ ഭാസിക്ക് ഞാന്‍ പാട്ടിന്റെ ട്രാക്ക് അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നും ഉറപ്പായും ഭാസിയെ കൊണ്ട് പാടിപ്പിക്കും, സുഷിന്‍ പറഞ്ഞു.