തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിൽ വിഷയ മിനിമം കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസ മന്ത്രിക്കും പൂർണപിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിനെതിരെ വിയോജിച്ച ഭരണപക്ഷ അധ്യാപക സംഘടനകളെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പാഠപുസ്തകങ്ങളുടെയും കൈത്തറി യൂനിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കോൺക്ലേവിൽ എസ്.എസ്.എൽ.സി മൂല്യനിർണയ പരിഷ്കരണത്തിനെതിരെ സി.പി.എം അനുകൂല സംഘടനകളായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത വേദിയിൽതന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.