ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇന്ത്യൻ എംബസിയിൽനിന്ന് അത്യാവശ്യമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുബത്തെയും ഇന്ത്യ ഒഴിപ്പിച്ചു. ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിടുകയും രാഷ്ട്രീയ അനിശ്ചിതത്വം പിടിമുറുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. എല്ലാ ഇന്ത്യൻ നയതന്ത്രജ്ഞരും ബംഗ്ലാദേശിൽ തുടരുകയാണെന്നും ദൗത്യങ്ങൾ പ്രവർത്തനക്ഷമമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു.
ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള നിസ്സഹകരണ പരിപാടിയില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാര്‍ഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉള്‍പ്പെടെ ഇടിച്ച് കയറുകയും സംഘര്‍ഷം ആരംഭിക്കുകയുമായിരുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം 100ഓളം പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ ആകെ 300ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.